
തൃശ്ശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. രാത്രി എട്ട് മണിയോടെ ആമ്പല്ലൂരിലായിരുന്നു സംഭവം. കാറിൽ സഞ്ചരിച്ചിരുന്ന ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രസവ ശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങിയ മുരിങ്ങൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്.
മുരിങ്ങൂർ ഐക്കരപ്പറമ്പിൽ വീട്ടിൽ സജി ഉൾപ്പടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഉടനെ ഇവർ കാറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ആദ്യം ഡോറുകൾ തുറക്കാൻ കഴിഞ്ഞില്ല. ഇത് പരിഭ്രാന്തിക്കിടയാക്കി. എന്നാൽ അൽപസമയത്തിനുള്ളിൽ ഡോറുകൾ തുറക്കാൻ കഴിഞ്ഞതോടെ വലിയ ദുരന്തം ഒഴിവാവുകയായിരുന്നു. പെട്ടെന്ന് കാറിൽ നിന്നിറങ്ങിയ കുടുംബം കാറിൽ നിന്ന് സാധനങ്ങൾ മാറ്റിയതിന് തൊട്ടുപിന്നാലെ തീ ആളിപടരുകയായിരുന്നു.
കാർ പൂർണ്ണമായും കത്തിനശിച്ചു. പുതുക്കാട് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതുക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മുരിങ്ങൂർ സ്വദേശിയായ പൂഞ്ഞക്കാരൻ ജോസഫ് തങ്കച്ചന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.