Zygo-Ad

കൈക്കൂലി കേസില്‍ അറസ്റ്റിലായ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്വപ്ന വിജിലന്‍സ് കസ്റ്റഡിയില്‍


കൊച്ചി : കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്ന വിജിലന്‍സ് കസ്റ്റഡിയില്‍.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

കൊച്ചി മേയറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം കൊച്ചി കോര്‍പ്പറേഷന്‍ സ്വപനയെ സസ്പെന്‍ഡ് ചെയ്തിരുന്നു. തൃശൂര്‍ സ്വദേശിനി സ്വപ്‌ന കുടുംബവുമൊത്ത് നാട്ടിലേക്ക് പോകും വഴി പൊന്നുരുന്നിക്ക് സമീപം കാര്‍ നിര്‍ത്തി കൈക്കൂലി വാങ്ങവെയാണ് വിജിലന്‍സ് കയ്യോടെ പിടികൂടിയത്. കൈക്കൂലിയായി 15,000 രൂപയാണ് വാങ്ങിയത്. സ്വപ്നയുടെ കാറില്‍ നിന്ന് 45,000 രൂപയും കണ്ടെടുത്തിരുന്നു.

മൂന്നു നില അപാര്‍ട്‌മെന്റിലെ 20 ഫ്ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനാണ് സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്‍ ജനുവരിയില്‍ അപേക്ഷ നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിച്ചു. 

സ്വപ്ന നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും നമ്ബര്‍ ലഭിച്ചില്ല. തുടര്‍ന്ന് ചോദിച്ചപ്പോള്‍ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

അതിനിടെ, താനാണ് കൊച്ചിന്‍ കോര്‍പ്പറേഷനില്‍ ഏറ്റവും കുറഞ്ഞ തോതില്‍ കൈക്കൂലി വാങ്ങുന്നതെന്നായിരുന്നു സ്വപ്ന മൊഴി നല്‍കിയത്. ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും കൈക്കൂലിക്കാരാണെന്നും സ്വപ്‌ന പറഞ്ഞു.

വളരെ പുതിയ വളരെ പഴയ