Zygo-Ad

'എന്റെ കുഞ്ഞിനെ കൊന്നു തിന്നിട്ട് ഇനിയും മാലിന്യവുമായി നടക്കുകയാണോ മഹാപാപികളെ';പേവിഷബാധയേറ്റ് മരിച്ച നിയയുടെ വീട്ടുപരിസരത്ത് മാലിന്യം


കൊല്ലം: കൊല്ലത്ത് പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ വീട്ടുപരിസരത്ത് വീണ്ടും മാലിന്യം തള്ളി. ഇതിന്റെ ചിത്രങ്ങള്‍ നിയയുടെ അമ്മ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വെച്ചു.

'എന്റെ കുഞ്ഞിനെ കൊന്ന് തിന്നിട്ടും ഇനിയും വേസ്റ്റ് കൊണ്ട് നടക്കുകയാണോ മഹാപാപികളെ' എന്ന കുറിപ്പോടെയാണ് അമ്മ ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുന്നത്.

കുന്നിക്കോടുള്ള നിയയുടെ വീടിന് സമീപത്താണ് മാലിന്യം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ തെരുവുനായ ശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്. നിയയുടെ മരണത്തോടെ നാട്ടുകാരടക്കം തെരുവുനായയെ പിടികൂടണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. 

എന്നാല്‍ ഒരു തെരുവുനായയെ മാത്രമാണ് ഇവിടെ നിന്ന് പിടികൂടിയത്. അതേ സമയം, തെരുവുനായ ശല്യത്തില്‍ വിളക്കുടി പഞ്ചായത്ത് നടപടി വൈകിപ്പിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

മെയ് അഞ്ചിനാണ് നിയ ഫൈസല്‍ എന്ന ഏഴ് വയസ്സുകാരി പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നു. ഏപ്രില്‍ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. 

ഞരമ്പില്‍ കടിയേറ്റതു മൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച്‌ എത്തിയ നായ കടിക്കുകയായിരുന്നു. 

കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റിരുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തി ഐഡിആർവി ഡോസ് എടുക്കുകയും ചെയ്തിരുന്നു. 

മെയ് ആറിന് അവസാന വാക്‌സിൻ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

തന്റെ വീടിന്റെ പരിസരത്ത് മാലിന്യം കൊണ്ടിടരുതെന്ന് പറഞ്ഞിരുന്നതാണെന്നും താൻ ഓടിച്ചുവിട്ട പട്ടിയാണ് തന്റെ കുട്ടിയെ കടിച്ചു കീറിയതെന്നും നിയയുടെ മരണത്തിന് ശേഷം അമ്മ വൈകാരികമായി പ്രതികരിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് വീണ്ടും വീടിന്റെ പരിസരത്ത് മാലിന്യം തള്ളിയതിന്‍റെ ചിത്രം പങ്കുവെച്ചത്.

വളരെ പുതിയ വളരെ പഴയ