Zygo-Ad

ചെവി വേദനയ്ക്ക് പിന്നാലെ എംആര്‍ഐ എടുത്തപ്പോള്‍ കാൻസര്‍ സ്ഥിരീകരിച്ചു, 16 കിലോ കുറഞ്ഞു-മണിയൻപിള്ള രാജു


കൊച്ചി:  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിയൻപിള്ള രാജു. വിവിധ വേഷങ്ങളിലായി താരം മലയാളത്തില്‍ 400-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മോഹൻലാലിനൊപ്പം മണിയൻപിള്ള രാജു വീണ്ടും ഒന്നിച്ച 'തുടരും' മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെ താൻ കാൻസർ സർവൈവറാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മണിയൻപിള്ള രാജു.

കൊച്ചിയിൽ ഒരുപൊതു പരിപാടിയിലായിരുന്നു താരം തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്. കാൻസർ രോഗബാധിതനായിരുന്നുവെന്നും 16 കിലോ വരെ ഭാരം കുറഞ്ഞുവെന്നും നടൻ വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറോടെ ചികിത്സയെല്ലാം കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

'കഴിഞ്ഞ വർഷം എനിക്ക് കാൻസർ ആയിരുന്നു. 'തുടരും' എന്ന കഴിഞ്ഞ് 'ഭഭബ്ബ' എന്ന സിനിമയ്ക്ക് പോയിട്ട് തിരിച്ചു പോയപ്പോൾ എനിക്ക് ചെവിവേദന വന്നു. എംആർഐ എടുത്തു നോക്കിയപ്പോൾ ഈ പറയുന്ന ചെറിയ അസുഖം, തൊണ്ടയ്ക്ക് അങ്ങേ അറ്റത്ത് നാവിന്റെ അടിയിൽ... 30 റേഡിയേഷനും അഞ്ച് കീമോയൊക്കെ ചെയ്തു. 

സെപ്റ്റംബറോടു കൂടി ട്രീറ്റ്മെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നുമില്ല, പക്ഷേ 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നുമില്ല', മണിയൻപിള്ള രാജു പറഞ്ഞു.

കഴിഞ്ഞ വർഷം, പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തിയ മണിയൻപിള്ള രാജുവിന്റെ രൂപമാറ്റം ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. താരത്തിന്റെ ശബ്ദംപോലും നഷ്ടമായെന്നും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണെന്നുമായിരുന്നു പ്രചാരണം.

വളരെ പുതിയ വളരെ പഴയ