തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ ഹയർ സെക്കന്ററി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം മേയ് 14 മുതൽ ആരംഭിക്കും. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷഫലം മെയ് 9ന് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാസമർപ്പണം 14ന് ആരംഭിക്കുന്നത്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 20 ആണ്.
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി
സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
പ്രവേശന നടപടികൾ ഇങ്ങനെ
👉🏼ട്രയൽ അലോട്ട്‌മെന്റ് തീയതി മേയ് 24 ന് നടക്കും.
ആദ്യ അലോട്ട്‌മെന്റ് ജൂൺ 2ന് വരും. ആദ്യ അലോട്ട്മെന്റ് പ്രവേശനം ലഭിക്കാത്തവർക്കുള്ള രണ്ടാം അലോട്ട്‌മെന്റ് ജൂൺ 10നും മൂന്നാം അലോട്ട്‌മെന്റ് ജൂൺ 16നും നടക്കും.
മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.
മുൻവർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24ന് ആയിരുന്നു. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.