Zygo-Ad

ചിങ്ങത്തില്‍ പാലുകാച്ചല്‍ നടത്താനിരുന്ന വീട്, സര്‍ക്കാര്‍ ജോലി, മക്കളോടൊത്ത് നാട്ടിലെ ജീവിതം; രഞ്ജിത മരിച്ചത് തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ തൊട്ടരികില്‍ വച്ച്

 

നാട്ടില്‍ സര്‍ക്കാര്‍ ജോലി ചെയ്ത്, തന്റെ തറവാട് വീടിനോട് ചേര്‍ന്ന് പുതിയ വീട് വച്ച് മക്കളോടൊപ്പം സ്വസ്ഥമായി താമസിക്കാനുള്ള ഒരു പ്രിയപ്പെട്ട സ്വപ്‌ന സാക്ഷാത്കാരത്തിന്റെ തൊട്ടരികില്‍ വച്ചാണ് രഞ്ജിതയ്ക്ക് ജീവന്‍ നഷ്ടമായത്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച രഞ്ജിത പത്തനംതിട്ടയിലെ പുല്ലാടിന്റെയാകെ നോവാകുകയാണ്. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിരികെ യുകെയിലേക്ക് പുറപ്പെട്ട രഞ്ജിതയാണ് മറ്റ് യാത്രക്കാരോടൊപ്പം അഹമ്മദാബാദിലെ ആകാശ ദുരന്തത്തില്‍ മരിച്ചത്.

തന്റെ സ്വപ്‌നമായിരുന്ന വീടിന്റെ പാലുകാച്ചല്‍ ചിങ്ങ മാസത്തില്‍ നടത്തി നാട്ടില്‍ സെറ്റിലാകാമെന്നായിരുന്നു രഞ്ജിതയുടെ പ്ലാന്‍. ജില്ലാ ആശുപത്രിയില്‍ നഴ്‌സായിരുന്ന രഞ്ജിത അവധിയെടുത്താണ് യുകെയില്‍ ജോലിക്ക് പോയത്. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അവിടുത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. അവധി അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് രഞ്ജിത കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ട്രെയിന്‍ മാര്‍ഗം ചെന്നൈയിലേക്ക് പുറപ്പെടുകയും അവിടെ നിന്ന് വിമാനം കയറുകയുമായിരുന്നു. രഞ്ജിതയുടെ മൂത്തമകന്‍ ഇന്ദുചൂഢന്‍ പത്താം ക്ലാസിലും ഇളയ മകള്‍ ഇതിക ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്.

രഞ്ജിതയുടെ മരണ വിവരം ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും ഏറെ ഹൃദയവേദനയോടെയാണ് ക്യാന്‍സര്‍ രോഗിയായ അമ്മയോടും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളോടും പങ്കുവച്ചത്. മുന്‍പ് ഏറെക്കാലം മസ്‌കറ്റിലാണ് രഞ്ജിത നഴ്‌സായി ജോലി ചെയ്തിരുന്നത്. ലണ്ടനില്‍ ഒരു വര്‍ഷം മുന്‍പാണ് ജോലി ലഭിക്കുന്നത്. ഇതിനിടെ സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ രഞ്ജിത മക്കള്‍ക്കൊപ്പം നാട്ടില്‍ സെറ്റില്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു

വളരെ പുതിയ വളരെ പഴയ