കണ്ണൂർ : കണ്ണൂർ റെയില്‍വെ പാർസല്‍ ഓഫീസില്‍ പോയി തിരിച്ചു വന്ന യുവാവിൻ്റെ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍.
കോഴിക്കോട് പുതിയങ്ങാടി സ്വദേശി എൻ.കെ അഭിലാഷിനെ (26) യാണ് കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നിർദ്ദേശ പ്രകാരം എസ്.ഐ മാത്യു ജിക്സണ്‍ ഡിസില്‍വയും സംഘവും കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്.
മാർച്ച് 20ന് രാത്രി 8.15 നും 8.30 നും ഇടയിലായിരുന്നു സംഭവം. കണ്ണൂർ റെയില്‍വെ സ്റ്റേഷനിലെ ആർ.പി.എഫ് ഓഫിസിനടുത്തായി സ്കൂട്ടർ നിർത്തി പാർസല്‍ ഓഫിസില്‍ പോയി തിരിച്ചു വന്ന മുണ്ടയാട് അതിരകത്തെ മൻസൂറിൻ്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 13 എവി 2943 സ്കൂട്ടറാണ് മോഷണം പോയത്.
റെയില്‍വെ സ്റ്റേഷനില്‍ മദ്യപിച്ച നിലയില്‍ കണ്ടതിനെ തുടർന്ന് ആർ.പി.എഫ് പിടികൂടിയ യുവാവ് പുറത്തിറങ്ങി സ്കൂട്ടറുമായി കടന്നു കളയുകയായിരുന്നു.
മോഷ്ടാവിൻ്റെ ദൃശ്യങ്ങള്‍ പുലർച്ചെ 1.51 ന് കോഴിക്കോട് ഏലത്തൂരിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു. എസ്. ഐ അനുരൂപ്, ഉദ്യോഗസ്ഥരായ നാസർ, മിഥുൻ, ബിജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.