തിരുവനന്തപുരം ∙ വനിത സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ടുദിവസം ബാക്കി നില്‍ക്കെ സമരം ചെയ്ത 3 പേർക്ക് ഉള്‍പ്പെടെ 45 ഉദ്യോഗാർഥികള്‍ക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു.
സമരം ചെയ്ത 3 പേർക്ക് ഉള്‍പ്പെടെയാണ് അഡ്വൈസ് മെമ്മോ. പ്രിയ, അരുണ, അഞ്ജലി എന്നിവർക്കാണ് സമരം ചെയ്തതില്‍ അഡ്വൈസ് മെമ്മോ ലഭിച്ചത്.
പോക്സോ വിഭാഗത്തില്‍ വന്ന 300ല്‍ 28, പൊലീസ് അക്കാദമിയില്‍ നിന്നും വിവിധ സമയങ്ങളില്‍ ഒഴിഞ്ഞു പോയ 13 പേർ, ജോയിൻ ചെയ്യാത്ത 4 പേർ എന്നിങ്ങനെയാണ് ഒഴിവുകള്‍. അതേ സമയം, അഡ്വൈസ് ലഭിക്കാത്തവർ സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം തുടരും.
കഴിഞ്ഞ 17 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ വിവിധ സമര മുറകളുമായി പ്രതിഷേധത്തിലാണ് ഇവർ.
കഴിഞ്ഞ വർഷം ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആകെ നടത്തിയത് 268 നിയമനം മാത്രമാണ്.
കഴിഞ്ഞ വർഷം മാത്രം 815 ഉദ്യോഗാർത്ഥികളെയാണ് നിയമിച്ചിട്ടുണ്ടായിരുന്നത്. ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യാൻ പല തവണ ഓഫീസുകളെ സമീപിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നാണ് ഉദ്യോഗാർത്ഥികള്‍ ആരോപിക്കുന്നത്.