കോട്ടയം: കോട്ടയം പേരൂരില്‍ മക്കളുമായി ആറ്റില്‍ ചാടി ജീവനൊടുക്കിയ മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് ജിസ്മോളുടെ മരണത്തില്‍ ഭർതൃ വീട്ടുകാർക്കെതിരെ പൊലീസില്‍ മൊഴി നല്‍കി ജിസ്മോളുടെ കുടുംബം.
ജിസ്മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭർതൃവീട്ടില്‍ ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റുതോമസ് ഏറ്റുമാനൂർ പൊലീസില്‍ പരാതി നല്‍കി.
ഭർത്താവ് ജിമ്മി പലപ്പോഴും പണത്തിന്റെ പേരില്‍ ജിസ്മോളെ ക്രൂരമായി പീഡിപ്പിച്ചു എന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു.
മകളുടെ തലയിലും ശരീരത്തിലും ജിമ്മി മർദ്ദിച്ച പാട് കണ്ടിട്ടുണെന്നും പിതാവ് പറഞ്ഞു. ജിമ്മി ജിസ്മോളുടെ ഫോണ്‍ വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നതായും പിതാവ് പറയുന്നു.
മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് മുതല്‍ വീട്ടുകാർ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിക്കുന്നു. എന്നാല്‍ ഫോണില്‍ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു.
പല തവണ ജിസ്‌മോളെ ഭർതൃ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു വരാൻ തങ്ങള്‍ ശ്രമിച്ചിരുന്നുവെന്നും സഹോദരനും മൊഴി നല്‍കി.
ജിസ്മോളുടെയും പെണ്‍ മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്കാരം എവിടെ നടത്തണം എന്നത് സംബന്ധിച്ച് ഇതു വരെ തീരുമാനമായിട്ടില്ല. ജിമ്മിയുടെ ഇടവക പള്ളിയില്‍ സംസ്കാരം നടത്തേണ്ടെന്ന നിലപാടിലാണ് ജിസ്മോളുടെ കുടുംബം.
എന്നാല്‍ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയില്‍ തന്നെ സംസ്കാരം നടത്തണമെന്നാണ് നിയമം. മൂന്നു പേരുടെയും സംസ്കാരം എവിടെ നടത്തണം എന്നത് സംബന്ധിച്ച് സഭാ തലത്തില്‍ ചർച്ചകള്‍ നടക്കുകയാണ്.
കഴിഞ്ഞ ദിവസവും ജിസ്മോളുടെ മരണത്തില്‍ ഭർതൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്മോളുടെ കുടുംബം രംഗത്ത് എത്തിയിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി ഭർത്താവ് ജിമ്മിയുടെ വീട്ടില്‍ ജിസ്മോള്‍ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരനും പറഞ്ഞിരുന്നത്. എന്നാല്‍ പെട്ടെന്നുള്ള ആത്മഹത്യയിലേക്ക് നയിച്ചത് എന്താണെന്ന് കുടുംബത്തിനും വ്യക്തമല്ല.
മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളില്‍ വീട്ടില്‍ ചിലത് സംഭവിച്ചതായി കുടുംബം സംശയിക്കുന്നു. ഇത് എന്താണെന്ന് കണ്ടുപിടിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
ഭർതൃ മാതാവും മൂത്ത സഹോദരിയും മകളെ മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി ജിസ്മോളുടെ പിതാവ് പറഞ്ഞു. പല പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും ജിസ്മോള്‍ തുറന്ന് പറഞ്ഞിരുന്നില്ല. മകളുടെ ശരീരത്തില്‍ മർദിച്ചതിന്റെ പാടുകള്‍ കണ്ടിട്ടുണ്ട്.
മരിക്കുന്നതിന് മുൻപ് ആ വീട്ടില്‍ എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. മുൻപ് ഒരിക്കല്‍ ജിസ്മോളെ ഭർത്താവ് മർദിച്ചിരുന്നുന്നതായി സഹോദരൻ ജിത്തുവും പറഞ്ഞു.
ജിസ്‌മോള്‍ക്ക് ആവശ്യമുള്ള പണം ഭർതൃ വീട്ടുകാർ നല്‍കിയിരുന്നില്ലെന്നും സഹോദരൻ കൂട്ടിച്ചേർത്തു. ഭർത്താവിന്റെ കുടുംബമാണ് ജിസ്‌മോളെയും മക്കളെയും മരണത്തിലേക്ക് തള്ളിവിട്ടതെന്നും കുടുംബം പറയുന്നു.
വിദേശത്തായിരുന്ന ജിസ്മോളുടെ പിതാവ് തോമസും സഹോദരൻ ജിത്തുവും ഇന്നലെയാണ് നാട്ടിലെത്തിയത്.
മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുന്നതിന് മുൻപ് ആദ്യം വീട്ടില്‍ വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോള്‍ നടത്തിയിരുന്നു.
ഈ സമയം ഭര്‍ത്താവ് ജോലി സ്ഥലത്തായിരുന്നു. മീനച്ചിലാറ്റില്‍ ചൂണ്ടയിടാൻ എത്തിയ നാട്ടുകാരാണ് ജിസ്മോളെയും മക്കളെയും കാണുന്നത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.