തൊടുപുഴ: ബിസിനസ് പങ്കാളിത്ത തർക്കത്തെ തുടർന്ന് മധ്യവയസ്കനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മാൻഹോളില്‍ തള്ളിയ സംഭവത്തില്‍ ഒന്നാം പ്രതി ജോമോന്റെ കോള്‍ റെക്കോഡ് പുറത്ത്.
തൊടുപുഴ ചുങ്കം മുളയിങ്കല്‍ ബിജു ജോസഫിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ജോമോൻ ജോസഫ് പലരെയും ഫോണില്‍ വിളിച്ച് 'ദൃശ്യം -4' നടപ്പാക്കിയെന്ന് പറയുന്ന ഫോണ്‍ രേഖകളാണ് പൊലീസിന് ലഭിച്ചത്.
'ദൃശ്യം മൂന്നില്‍ ഒരു പക്ഷേ മൃതദേഹം കണ്ടെടുത്തേക്കാം, ഞാൻ നടപ്പാക്കിയ ദൃശ്യം നാലില്‍ മൃതദേഹം കണ്ടെടുക്കാൻ പൊലീസിനോ മറ്റോ കഴിയില്ല' എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.
ശബ്ദത്തിൻ്റെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റ് നടത്തുമെന്നും ജോമോൻ വിളിച്ച ആളുകളുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
പ്രതി ജോമോൻ
സംഭവത്തില്‍ ജോമോന്റെ ഭാര്യയെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ബിജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രണത്തെ പറ്റി ഇവർക്കും അറിവുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ജോമോൻ ഉള്‍പ്പെടെയുളള പ്രതികള്‍ക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിച്ചേക്കും.
കൊല്ലപ്പെട്ട ബിജു ജോസഫും ജോമോനും മുൻപ് ബിസിനസ് പങ്കാളികളായിരുന്നു. വളരെക്കാലമായി ഇവർ തമ്മില്‍ സാമ്പത്തിക തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് കൊലയില്‍ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു തട്ടിക്കൊണ്ടു പോയി മർദിച്ചു കൊലപ്പെടുത്തി ആളൊഴിഞ്ഞ ഗോഡൗണിലെ മാലിന്യക്കുഴിയില്‍ മൃതദേഹം താഴ്ത്തി കോണ്‍ക്രീറ്റ് ഇട്ട് മൂടുകയായിരുന്നു.
ബിജുവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ മഞ്ജു നല്‍കിയ പരാതി അന്വേഷിച്ചാണു പൊലീസ് പ്രതികളെ കണ്ടെത്തിയത്.
ബിജുവിന്‍റെ ബിസിനസ് പങ്കാളിയായ ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടില്‍ ജോമോന്‍ ജോസഫ് (51), ക്വട്ടേഷന്‍ സംഘാംഗങ്ങളായ എറണാകുളം എടവനക്കാട് പള്ളത്ത് മുഹമ്മദ് അസ്‌ലം (36), കണ്ണൂര്‍ ചെറുപുഴ കളരിക്കല്‍ ജോമിന്‍ കുര്യന്‍ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.