കൊച്ചി: ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഷൈൻ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം സ്ഥലത്തെത്തിയത്.
ഡാൻസാഫ് സംഘം ഹോട്ടലിന് താഴെയെത്തിയെന്നറിഞ്ഞതോടെ ഷൈൻ ടോം ചാക്കോ മൂന്നാം നിലയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
ലഹരി കൈയിലുണ്ടായിരുന്നതു കൊണ്ടാകാം ഷൈൻ ടോം ഇറങ്ങിയോടിയതെന്ന നിഗമനത്തിലാണ് പൊലീസ്.
അതേ സമയം, ഷൈൻ ടോം ചാക്കോ സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കാണിച്ച് നടി വിൻസി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. ഷൂട്ടിംഗിനിടെ ഒരു പ്രധാന ആർട്ടിസ്റ്റ് മയക്കുമരുന്ന് ഉപയോഗിച്ച് മോശമായ രീതിയില്‍ പെരുമാറി.
സീൻ പ്രാക്ടീസിനിടെ ഇയാളുടെ വായില്‍ നിന്ന് വെള്ള നിറത്തിലുള്ള എന്തോ പുറത്തേക്ക് തെറിച്ചിരുന്നെന്ന് നടി മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് ആ നടൻ എന്ന് ഇന്നാണ് വെളിപ്പെടുത്തിയത്.
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്നും വിൻസി അലോഷ്യസ് വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ ജീവിതത്തില്‍ ആല്‍ക്കഹോള്‍, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങി മനസിനെയോ ആരോഗ്യത്തെയോ ബാധിക്കുന്ന ഒന്നും ഉണ്ടാവില്ലെന്നും വിൻസി പറഞ്ഞു.
സിനിമയില്ലെങ്കില്‍ സിനിമ ഇല്ല, അല്ലെങ്കില്‍ അവസരങ്ങള്‍ കുറവാണെന്ന് പറയാനുള്ള ധൈര്യവും മനക്കട്ടിയുമുണ്ട്.
സിനിമ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്." എവിടെ നിന്നാണ് താൻ വന്നതെന്നും എവിടെ എത്തി നില്‍ക്കുന്നുവെന്നും ഇനി മുന്നോട്ട് എങ്ങനെ പോകണമെന്ന് വ്യക്തമായി അറിയാമെന്നും വിൻസി വ്യക്തമാക്കി.