Zygo-Ad

ഗവര്‍ണറുടെ വാഹനത്തില്‍ കാറിടിച്ചു: അകമ്പടി ഉദ്യോഗസ്ഥനെ മര്‍ദിച്ചു


കൊട്ടാരക്കര: കേരള ഗവർണറുടെ വാഹനത്തില്‍ സ്വകാര്യ കാർ ഇടിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തില്‍ രാജ്ഭവനിലെ പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റംചെയ്ത കൊട്ടാരക്കര സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കാറില്‍ ഗവർണർ ഉണ്ടായിരുന്നില്ല. കൊട്ടാരക്കര പുലമണ്‍ സ്വദേശി റിജു ജേക്കബ് (46) ആണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു.

ബുധനാഴ്ച നാലോടെ ആയിരുന്നു സംഭവം. ഗവർണർ രാജേന്ദ്ര ആർലേക്കറെ കൂട്ടിക്കൊണ്ടു വരുന്നതിനായി രാജ്ഭവനില്‍ നിന്ന്‌ കോട്ടയത്തേക്കു പോകുകയായിരുന്ന കറുത്ത ബെൻസ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് അകമ്പടി വാഹനങ്ങളോടെയാണ് ഗവർണറുടെ വാഹനം സഞ്ചരിച്ചിരുന്നത്. 

എംസി റോഡില്‍ കരിക്കത്ത് ഗവർണറുടെ വാഹന വ്യൂഹത്തിനിടയിലേക്ക് യു ടേണെടുത്ത റിജു ജേക്കബിന്റെ കാർ പ്രവേശിക്കുകയും ഗവർണറുടെ വാഹനവുമായി ഇടിക്കുകയുമായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ ഗവർണറുടെ വാഹനം തൊട്ടു മുന്നിലുണ്ടായിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയും റോഡിന്റെ വശത്തെ തിട്ടയിലേക്കു തെന്നി മാറുകയും ചെയ്തു. 

തുടർന്ന് വാഹനങ്ങള്‍ നിർത്തുകയും ഗവർണറുടെ അകമ്പടി വാഹനത്തിലെ പോലീസ്‌ ഉദ്യോഗസ്ഥരുമായി തർക്കത്തിലായ റിജു ജേക്കബ് രാജ്ഭവനിലെ ഡ്രൈവർ അനസിനെ മർദിക്കുകയുമായിരുന്നു.

സ്ഥലത്തെത്തിയ കൊട്ടാരക്കര പോലീസ് റിജു ജേക്കബിനെയും വാഹനവും കസ്റ്റഡിയിലെടുത്തു. ടയർ പൊട്ടിയതുള്‍പ്പെടെ കാര്യമായ തകരാർ ഉണ്ടായതിനാല്‍ ഗവർണറുടെ വാഹനം യാത്ര തുടർന്നില്ല. 

അലക്ഷ്യമായി വാഹനമോടിച്ചതിനും രാജ്ഭവനിലെ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതിനും റിജു ജേക്കബിന്റെ പേരില്‍ രണ്ടു കേസുകളെടുത്തതായി കൊട്ടാരക്കര പോലീസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ