Zygo-Ad

പോത്തൻകോട് സുധീഷ് വധക്കേസ്; 11 പ്രതികള്‍ക്കും ജീവപര്യന്തം, നിര്‍ണായകമായത് സിസിടിവി ദൃശ്യം


തിരുവനന്തപുരം: പോത്തൻകോട് വീട് വെട്ടിപ്പൊളിച്ചു കയറി, യുവാവിനെ കൊന്ന് കാല്‍ വെട്ടിയെടുത്ത് പൊതു സ്ഥലത്ത് വലിച്ചെറിഞ്ഞ കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം.

പോത്തൻകോട് ചെമ്പക മംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷാണ് കൊല്ലപ്പെട്ടത്. കേസില്‍ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് നെടുമങ്ങാട് സ്‌പെഷ്യല്‍ സെഷൻസ് കോടതി ജഡ്ജി എ.ഷാജഹാൻ കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രതികളില്‍ നിന്നുള്ള പിഴ തുക സുധീഷിന്റെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

കേസിലെ ഒന്ന് മുതല്‍ 11 വരെയുള്ള പ്രതികളായ മങ്കാട്ടുമൂല എസ് എസ് ഭവനില്‍ സുധീഷ് ഉണ്ണി, കുടവൂര്‍ ഊരുക്കോണം ലക്ഷംവീട് കോളനിയില്‍ ശ്യാംകുമാർ, ചിറയിൻകീഴ് വിളയില്‍വീട്ടില്‍ ഒട്ടകം രാജേഷ് എന്ന രാജേഷ്, ചിറയിന്‍കീഴ് ശാസ്തവട്ടം മാര്‍ത്താണ്ഡം കുഴി സുധീഷ് ഭവനില്‍ നിതീഷ്, ശാസ്തവട്ടം സീന ഭവനില്‍ നന്ദിഷ്, കണിയാപുരം മണക്കാട്ടു വിളാകം പറമ്പില്‍ വീട്ടില്‍ രഞ്ജിത്ത്, പിരപ്പന്‍കോട് തൈക്കാട് മുളങ്കുന്ന് ലക്ഷം വീട് കോളനിയില്‍ ശ്രീനാഥ്, കോരാണി വൈ.എം.എ. ജംഗ്ഷന്‍ വിഷ്ണു ഭവനില്‍ സൂരജ്, കുടവൂര്‍ കട്ടിയാട് കല്ലുവെട്ടാന്‍കുഴി വീട്ടില്‍ അരുണ്‍, തോന്നയ്ക്കല്‍ കുഴിന്തോപ്പില്‍ വീട്ടില്‍ ജിഷ്ണു, പ്രദീപ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 

കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ അശ്വതിയുടെ സഹോദരനാണ് രണ്ടാം പ്രതി ശ്യാംകുമാർ.

പ്രതികള്‍ക്കെതിരെ കൊലപാതകം, വീട്ടിലേക്ക് അതിക്രമിച്ച്‌ കയറല്‍, എസ്.സി/എസ്.ടി വകുപ്പുകള്‍ എന്നിവ നിലനില്‍ക്കുമെന്നും എന്നാല്‍ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

നെടുമങ്ങാട് മുൻ ഡിവൈ.എസ്.പി എം.കെ.സുല്‍ഫിക്കറിന്റെയും പോത്തൻകോട് ഇൻസ്‌പെക്ടർ ശ്യാമിന്റെയും നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പിന്മാറിയ കേസില്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ നേരിട്ട് കേസ് നടത്തുകയായിരുന്നു. 

പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവണ്‍മെന്റ് പ്ളീഡർ ഡോ.ടി.ഗീനാകുമാരി ഹാജരായി. 

പ്രോസിക്യൂഷനും സാക്ഷികള്‍ക്കും ഭീഷണിയുണ്ടായിരുന്നതിനാല്‍ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. 84 സാക്ഷികളെയും 58 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി.

കുടുക്കിയത് ക്യാമറാ ദൃശ്യങ്ങള്‍

2021 ഡിസംബർ 11ന് ഉച്ചയ്ക്ക് 2.30നായിരുന്നു കൊലപാതകം. ഊരൂപൊയ്ക മങ്കാട്ടുമൂല സ്വദേശികളായ വിഷ്ണു, അഖില്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍, കല്ലൂരിലെ പാണൻവിളയില്‍ ഒളിവില്‍ കഴിയുകയായിരുന്നു സുധീഷ്. 

അക്രമികളെ കണ്ട് രക്ഷപ്പെടാൻ സമീപത്തെ സജീവിന്റെ വീട്ടില്‍ ഓടിക്കയറിയ സുധീഷിനെ വാതില്‍ വെട്ടിപ്പൊളിച്ചാണ് കൊലപ്പെടുത്തിയത്.

ഒന്നാം പ്രതി മഴു ഉപയോഗിച്ച്‌ സുധീഷിന്റെ വലതുകാല്‍ മുട്ടിന് താഴെ വച്ച്‌ വെട്ടിയെടുത്ത് ഉയർത്തിപ്പിടിച്ച്‌ ആർത്തു വിളിച്ച്‌ ബൈക്കില്‍ കല്ലൂർ ജംഗ്ഷനിലെത്തി. പരസ്യമായി ഇത് ഇവിടെ വലിച്ചെറിയുകയായിരുന്നു. 

പട്ടാപ്പകല്‍ നടന്ന ക്രൂര കൃത്യമായിട്ടും കോടതിയില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കാൻ ആരും തയ്യാറായില്ല. സാക്ഷികളെ ഗുണ്ടാസംഘം ഭയപ്പെടുത്തിയിരുന്നു. ക്യാമറ ദൃശ്യങ്ങളാണ് പ്രതികളുടെ അറസ്റ്റിന് സഹായകമായത്. വീട്ടുടമസ്ഥനായ സജീവ് മാത്രമാണ് കൃത്യമായ മൊഴി ആവർത്തിച്ചത്.

വളരെ പുതിയ വളരെ പഴയ