കണ്ണൂർ: സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും മലിനജലം ദേശീയ പാതയോരത്ത് ഒഴുക്കിയ സംഭവത്തില്‍ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജ് അധികൃതർക്ക് നോട്ടീസ് നല്‍കിയതായി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഉത്തരവാദികളായവരില്‍ നിന്നും അര ലക്ഷം രൂപ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 27 നാണ് ശൗചാലയ മാലിന്യങ്ങള്‍ ദേശീയ പാതയിലേക്ക് ഒഴുക്കി വിട്ടത്. കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ മലിനജല പ്ലാന്റിലെ ദുർഗന്ധം വമിക്കുന്ന വെള്ളം തമിഴ്നാട്ടില്‍ നിന്നും വന്ന സംഘമാണ് പട്ടാപ്പകല്‍ റോഡരികിലേക്ക് ഒഴുക്കി വിട്ടത്.
മാധ്യമ പ്രവർത്തകൻ നജ്മുദ്ദീൻ പിലാത്തറയാണ് ഈ സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
ഈ വീഡിയോകളും ചിത്രങ്ങളും അദ്ദേഹം കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്ത് സെക്രട്ട റിക്കും വാട്‌സ്‌ആപ്പ് മുഖേന നല്‍കിയിരുന്നു.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഈ സംഭവം നടന്നത് ഒരു മെഡിക്കല്‍ കോളേജിലാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിച്ചു.
നിർമ്മാണം നടന്നു വരുന്ന ദേശീയ പാതയുടെ ഭാഗമായ സർവീസ് റോഡിലേക്കാണ് ഈ മലിനജലം ഒഴുക്കിവിട്ടത്.
പ്രായപൂർത്തിയാവാത്ത കൊച്ചു കുട്ടികളെയും കൂട്ടി വന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തമിഴ്നാട് സംഘം പ്ലാന്റിന്റെ ടാങ്കിനകത്തേക്കിറങ്ങി മലിനജലം മുക്കിയെടുത്ത് റോഡിലേക്ക് ഒഴുക്കിയത്.
എല്ലാവരും മാലിന്യ മുക്ത കേരളത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പരസ്യമായി കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി വിട്ടത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
നേരത്തെയും ഈ പ്ലാന്റില്‍ നിന്ന് മലവും മൂതവും ഉള്‍പ്പെടയുള്ള മാലിന്യം പുറത്തേക്ക് ഒഴുക്കി വിട്ടത് ബഹുജന സമരത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ പ്ലാന്റിന്റെ അറ്റകുറ്റപ്പണി നടത്താൻ കരാർ എടുത്തയാളാണ് മാലിന്യം നീക്കം ചെയ്തതെന്നും തങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.