കണ്ണൂർ: വൈദ്യുതിയില്ലാതെ വലഞ്ഞ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും വാർഡ്. ഇന്നലെ രാവിലെ 9 മണിയോടെ നിലച്ച വൈദ്യുതി ബന്ധം വൈകിട്ട് 7.40ന് ആണ് പുനഃസ്ഥാപിച്ചത്.
പകല്‍ മുഴുവൻ കടുത്ത ചൂടില്‍ ഫാൻ പോലുമില്ലാതെ വിയർത്തൊഴുകിയാണ് നവജാത ശിശുക്കളും അമ്മമാരും ഉള്‍പ്പെടെ കഴിച്ചു കൂട്ടിയത്.
പ്രസവത്തിനായി കാത്തിരിക്കുന്നവരും പ്രസവം കഴിഞ്ഞ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളില്‍ പ്രവേശിപ്പിച്ചവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒരു പോലെ വലഞ്ഞു. പലവട്ടം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കൂട്ടിരിപ്പുകാർ പറഞ്ഞു.
പകല്‍ സമയത്തും വെളിച്ചക്കുറവ് ബുദ്ധിമുട്ടിച്ചിരുന്നു. വൈകിട്ടായതോടെ പൂർണമായും ഇരുട്ടായി.
ഇതോടെ മൊബൈല്‍ ഫോണിന്റെ ലൈറ്റ് തെളിച്ചും എമർജൻസി ലാംപുകള്‍ കൊണ്ടു വന്നും ടോർച്ച് അടിച്ചും മെഴുകുതിരി കത്തിച്ചുമെല്ലാമാണ് വാർഡില്‍ വെളിച്ചമെത്തിച്ചത്.
കൊടും ചൂടില്‍ കുഞ്ഞുങ്ങളും ഗർഭിണികളും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട കണ്ട് കൂട്ടിരിപ്പുകാർ പ്രകോപിതരായി. ചൂടിനൊപ്പം കൊതുക് ശല്യവുമായതോടെ കടുത്ത രോഷമാണ് വാർഡിലുള്ളവർ പ്രകടിപ്പിച്ചത്.
പ്രസവത്തിനായി പ്രവേശിപ്പിച്ചവരില്‍ ഒരാളുടെ ബന്ധുക്കള്‍ പറഞ്ഞതനുസരിച്ച് കോർപറേഷൻ സ്ഥിര സമിതി അധ്യക്ഷൻ സിയാദ് തങ്ങള്‍ ആശുപത്രിയിലെത്തി സൂപ്രണ്ടുമായി സംസാരിച്ചിരുന്നു. ആശുപത്രിയില്‍ നടക്കുന്ന നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അധികൃതർ പറഞ്ഞത്.
പ്രവൃത്തി പൂർത്തിയാക്കി അഞ്ചു മണിയോടെ കെഎസ്‌ഇബി ഉദ്യോഗസ്ഥർ പോയെങ്കിലും അപ്പോഴും അമ്മയും കുഞ്ഞും ബ്ലോക്കിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിച്ചിരുന്നില്ല.
ആശുപത്രിയില്‍ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതെന്ന് സൂപ്രണ്ട് ഡോ. കെ.എം.ഷാജ് പറഞ്ഞു.
സൂപ്പർ സ്പെഷ്യല്‍റ്റി ബ്ലോക്കില്‍ ഹൈടെൻഷൻ സബ് സ്റ്റേഷന്റെ ബന്ധപ്പെട്ട പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് ഇടയ്ക്കിടെ വൈദ്യുതി ബന്ധം നിലക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യുതി കണക്‌ഷനുകള്‍ പൂർണമായും ഹൈടെൻഷൻ സബ് സ്റ്റേഷൻ വഴിയാക്കുന്നതോടെ വൈദ്യുതി തടസ്സങ്ങള്‍ പരിഹരിക്കാനാകുമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.