Zygo-Ad

അനധികൃത ഡ്രൈവിങ് സ്കൂളുകളെ പൊക്കാൻ എംവിഡി; വാഹനങ്ങള്‍ക്ക് ബോണറ്റ് നമ്പര്‍ നിര്‍ബന്ധമാക്കി ഉത്തരവ്


തിരുവനന്തപുരം: ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങള്‍ക്ക് ബോണറ്റ് നമ്പർ നിർബന്ധമാക്കി ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്.

ഇതോടെ അനധികൃത ഡ്രൈവിങ് സ്കൂളുകള്‍ക്ക് പിടിവീഴും. അടുത്ത മാസം മുതല്‍ കൃത്യമായ പരിശോധനകള്‍ ഉണ്ടാകുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചിട്ടുണ്ട്. 

ഇനി മുതല്‍ ബോണറ്റ് നമ്പരുകള്‍ വ്യക്തമായി കാണുന്ന രീതിയില്‍ വേണം പ്രദർശിപ്പിക്കാൻ. അതായത് കാറിന്റെ മുൻവശത്തും, പുറകിലുമായി വേണം ഇത് പ്രദർശിപ്പിക്കാൻ.

ഒരു ഡ്രൈവിങ് സ്കൂളിന് ഏതാണ്ട് അഞ്ച് വാഹനങ്ങളാണ് ഉള്ളതെങ്കില്‍ ഈ അഞ്ച് വാഹനങ്ങള്‍ക്കും ബോണറ്റ് നമ്പർ നല്‍കും. 

എന്നാല്‍ ഈ വാഹനം അല്ലാതെ ആ ഡ്രൈവിങ് സ്കൂള്‍ മറ്റൊരു വാഹനം കൂടി കൂട്ടിചേർത്ത് ഡ്രൈവിങ് പഠിപ്പിക്കുകയാണെങ്കില്‍ ആ ഡ്രൈവിങ് സ്കൂളിനെതിരെ കർശന നടപടിയെടുക്കും എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. 

ദിനം പ്രതി അനധികൃത ഡ്രൈവിങ് സ്കൂളുകളുടെ എണ്ണം കൂടുന്നത് കൊണ്ടാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കാൻ തയ്യാറായത്.

ബോണറ്റ് നമ്പർ പ്രദർശിപ്പിക്കേണ്ട വിധം

ലൈറ്റ് മോട്ടോർ വാഹനങ്ങളില്‍ ബോണറ്റിന്റെ മധ്യഭാഗത്തും. പിൻഭാഗത്ത് പിറകില്‍ നിന്നും വ്യക്തമായി കാണത്തക്ക വിധത്തില്‍ ഡിക്കി ഡോറിൻ്റെ മധ്യഭാഗത്തും പ്രദർശിപ്പിക്കേണ്ടതാണ്.

ഹെവി വാഹനങ്ങളില്‍ മുൻവശത്ത് വിൻഡ് സ്ക്രീനിൻ്റെ താഴെ മധ്യഭാഗത്തും, പിൻഭാഗത്ത് റെയർ വിൻഡ് സ്ക്രീനിൻ്റെ താഴെ മധ്യഭാഗത്തുമായി പ്രദർശിപ്പിക്കേണ്ടതാണ്.

മോട്ടോർ സൈക്കിളുകളില്‍ ഫ്യൂവല്‍ ടാങ്കിൻ്റെ ഇടതു വശത്ത് പുറമേ നിന്നും വ്യക്തമായി കാണത്തക്ക വിധം പ്രദർശിപ്പിക്കേണ്ടതാണ്.

മോട്ടോർ സൈക്കിള്‍ വിത്തൗട്ട് ഗിയർ വിഭാഗത്തില്‍ വാഹനത്തിൻ്റെ മുൻഭാഗത്ത് രജിസ്ട്രേഷൻ പ്ലേറ്റിന് തടസ്സമാകാത്ത രീതിയില്‍ പുറമേ നിന്നും വ്യക്തമായി കാണത്തക്ക വിധം പ്രദർശിപ്പിക്കണം.

വളരെ പുതിയ വളരെ പഴയ