കേരള ഭാഗ്യക്കുറിയില്‍ അക്ഷയ, വിൻ-വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമല്‍ എന്നിവയുടെ പേരുകള്‍ മാറ്റുന്നു.
സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണകേരളം എന്നിങ്ങനെയാണ് പുതിയ പേരുകള്‍. എല്ലാ ടിക്കറ്റുകളുടെയും ഒന്നാം സമ്മാനം ഒരു കോടി രൂപയാക്കി. ടിക്കറ്റ് വില 40 രൂപയില്‍ നിന്ന് 50 രൂപയുമാക്കി. പരിഷ്കാരം ഈ മാസം അവസാനത്തോടെ നടപ്പാകും.
മിനിമം സമ്മാനത്തുക 100 രൂപയില്‍ നിന്ന് 50 രൂപയാക്കി. മൂന്നു ലക്ഷം സമ്മാനങ്ങളാണ് ഇതു വരെ നല്‍കിയിരുന്നത്. അത് 6.54 ലക്ഷമാക്കി. പ്രതിദിനം 1.08 കോടി ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ആകെ 24.12 കോടി രൂപ സമ്മാനയിനത്തില്‍ വിതരണം ചെയ്യും. രണ്ടാം സമ്മാനം പരമാവധി 10 ലക്ഷം രൂപ വരെ നല്‍കിയിരുന്നത് 50 ലക്ഷം രൂപവരെയാക്കി.
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയായിരുന്നത് അഞ്ചു മുതല്‍ 25 ലക്ഷം രൂപ വരെയാകും. ഒന്നും രണ്ടും മൂന്നും സമ്മാനം ഒന്നു വീതവും നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 12 എണ്ണവുമാണ്.
അവസാന നാലക്കത്തിന് നല്‍കുന്ന ഏറ്റവും വലിയ സമ്മാനത്തുക 5,000 രൂപയാണ്. ഇതിന്റെ എണ്ണം 23-ല്‍നിന്ന് 18 ആക്കി കുറച്ചു. അതേ സമയം, അതില്‍ താഴെയുള്ളവയുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടി. 1,000 രൂപയുടേത് 36 തവണ നറുക്കെടുക്കും.
38,880 പേർക്ക് സമ്മാനം കിട്ടും. നേരത്തേ 24 മുതല്‍ 26 വരെയായിരുന്നു നറുക്കെടുപ്പിന്റെ എണ്ണം. 500 രൂപയുടേത് 72 നറുക്കെടുത്തിരുന്നത് ഇപ്പോള്‍ 96 ആയി. 1,03,680 പേർക്ക് സമ്മാനം കിട്ടും.
100 രൂപയുടെ നറുക്കെടുപ്പ് 124-ല്‍നിന്ന് 204 ആയി. 2,20,320 ടിക്കറ്റുകള്‍ക്ക് കിട്ടും. പുതുതായി വന്ന 50 രൂപയില്‍ 252 നറുക്കെടുപ്പ് നടക്കും. സമ്മാനം 2,72,160 പേർക്ക് കിട്ടും.
കാരുണ്യ, കാരുണ്യ പ്ലസ്, സ്ത്രീ ശക്തി എന്നീ ടിക്കറ്റുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ടിക്കറ്റില്‍ രണ്ടാം സമ്മാനം 40 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്.
ഓരോ സീരീസിനും ലക്ഷം രൂപ നല്‍കുന്ന നാലാം സമ്മാനം 12 പേർക്ക് ലഭിക്കും. ഇതിന്റെ അഞ്ചാം സമ്മാനമായ 5,000 രൂപ സമ്മാനാർഹമാകുന്നത് 19,440 ടിക്കറ്റുകള്‍ക്കാണ്.
വ്യാഴാഴ്ച നറുക്കെടുക്കുന്ന കാരുണ്യ പ്ലസിന്റെയും ശനിയാഴ്ച നറുക്കെടുക്കുന്ന കാരുണ്യയുടെയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം രൂപയുമാണ്.
തുടർ സമ്മാന ഘടനയില്‍ സ്ത്രീ ശക്തിയുടെതില്‍ നിന്ന് വലിയ വ്യത്യാസമില്ല. പരിഷ്കരിച്ച ലോട്ടറി ടിക്കറ്റുകളില്‍ ഏജന്റുമാർക്ക് സമ്മാനത്തിന്റെ കമ്മിഷനായി കിട്ടുന്നത് ആകെ 2,89,54,440 രൂപയാണ്.