തൃശൂർ: എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ ബിജെപി മുൻ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ നടപടിയുമായി പാർട്ടി ജില്ലാ നേതൃത്വം. ബിജെപി നേതാവും മുൻ തൃശൂർ ജില്ലാ കമ്മിറ്റിയംഗവുമായ വിവി വിജീഷിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. വിജീഷ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞതാണ് ബിജെപി നിലപാടെന്നും ഇത്തരത്തിൽ ഹർജി നൽകാൻ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും തൃശൂർ സിറ്റി ബിജെപി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകൻ വിവി വിജീഷ്. അതെ സമയം ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാൻ
ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്പുരാന്റെ നേട്ടം. 175.4 കോടി ആയിരുന്നു 2018 ൻ്റെ ലൈഫ് ടൈം ബോക്സ് ഓഫീസ് നേട്ടം. വെറും അഞ്ച് ദിനങ്ങൾ കൊണ്ടാണ് എമ്പുരാൻ ഇതിനെ മറികടന്നിരിക്കുന്നത്.
ഒപ്പം 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും ചെയ്തു. ഔദ്യോഗികമായിത്തന്നെ അണിയറക്കാർ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട് ഇപ്പോൾ.
മോഹൻലാലിൻ്റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. മഞ്ഞുമ്മൽ ബോയ്സ് മാത്രമാണ് മലയാളത്തിൽ എമ്പുരാന് മുന്നിൽ കളക്ഷനിൽ അവശേഷിക്കുന്നത്. 240 കോടിയാണ് മഞ്ഞുമ്മലിൻന്റെ നേട്ടം.