കൊച്ചി : എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്ന് മാദ്ധ്യമങ്ങളെ മുഴുവൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്‌ഗാേപി.
കഴിഞ്ഞദിവസം ജബല്‍പൂർ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായതിനെക്കുറിച്ച് ഇന്ന് വീണ്ടും മാദ്ധ്യമപ്രർത്തകർ ചോദിച്ചപ്പോഴാണ് മാദ്ധ്യമങ്ങളെ പുറത്താക്കാൻ സുരേഷ്‌ഗോപി ആവശ്യപ്പെട്ടത്. ചോദ്യങ്ങള്‍ കേട്ടതായിപ്പോലും നടിക്കാതെ മുറിയിലേക്ക് പോയി. തുടർന്നാണ് മാദ്ധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെട്ടത്.
മാദ്ധ്യമപ്രവർത്തകരെ പുറത്താക്കണമെന്ന് ഗണ്‍മാൻ വഴിയാണ് റിസപ്ഷനിസ്റ്റിനെ അറിയിച്ചത്. ഇതിനെത്തുടർന്ന്, മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങള്‍ ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നുണ്ടെന്നും അതിനാല്‍ പുറത്തുപോകണമെന്നും ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ വഴി മാദ്ധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു. താൻ പുറത്തിറങ്ങുമ്ബോള്‍ ഗസ്റ്റ് ഹൗസിന്റെ വളപ്പില്‍ ഒരു മാദ്ധ്യമപ്രവർത്തകൻ പോലും ഉണ്ടാവരുതെന്ന് കർശന നിർദേശവും സുരേഷ്‌ഗോപി നല്‍കിയിരുന്നത്രേ.
ജബല്‍പൂരില്‍ മലയാളി വൈദികരെ ആക്രമിച്ച വിഷയത്തില്‍ പ്രതികരണം തേടിയപ്പോഴാണ് മാദ്ധ്യമങ്ങളോട് സുരേഷ്‌ഗോപി ആദ്യം ക്ഷുഭിതനായത്. നിങ്ങള്‍ ആരാ, ആരോടാണ് ചോദിക്കുന്നത്? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാദ്ധ്യമം ആരാ ഇവിടെ? ജനങ്ങളാണ് ഇവിടെ വലുത്. ബി കെയർഫുള്‍, സൗകര്യമില്ല പറയാൻ എന്നായിരുന്നു സുരേഷ്‌ഗോപി പറഞ്ഞത്. ചോദ്യം,ജോണ്‍ബ്രിട്ടാസിന്റെ വീട്ടില്‍കൊണ്ടുവച്ചാല്‍ മതിയെന്നും സുരേഷ്‌ഗോപി പറഞ്ഞു.
മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിമാരും, സംസ്ഥാന മന്ത്രിമാരും കൊച്ചിയില്‍ എത്തുമ്ബോള്‍ താമസിക്കുന്നത് ഗസ്റ്റ്ഹൗസിലാണ്. ഇവിടെവച്ചാണ് അവർ മാദ്ധ്യമങ്ങളെ കാണുന്നത്. ചോദ്യങ്ങളോട് അനുഭാവപൂർണമായ സമീപനമാണ് അവർ സ്വീകരിക്കുന്നതും. അതിനിടയിലാണ് സുരേഷ്‌ഗോപിയുടെ മാദ്ധ്യമവിലക്ക്.