Zygo-Ad

സെക്യൂരിറ്റി ജീവനക്കാരുടെ അടിസ്ഥാന സൗകര്യം: പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

 


സംസ്ഥാനത്തെ കടകളിലും, മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരുടെ ക്ഷേമത്തിനായി പുതിയ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറത്തിറങ്ങി.

സര്‍ക്കുലറിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിന് ആവശ്യമായ കുട, കുടി വെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങള്‍ എന്നിവ തൊഴിലുടമകള്‍ ഒരുക്കണം. 

നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്ക് യാത്രക്കാരായ കസ്റ്റമേഴ്സിനെ എത്തിക്കുന്നതിനായി മണിക്കൂറുകളോളം  വെയിലത്ത് നിന്നുകൊണ്ടും മറ്റും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്‌ലക്റ്റീവ് കോട്ടുകള്‍, കുടിവെള്ളം, സുരക്ഷ കണ്ണടകള്‍ എന്നിവയും തൊഴിലുടമകള്‍ നല്‍കണം. 

നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോയെന്നും, സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍   പാലിക്കുന്നുണ്ടോയെന്നും മിനിമം വേതനം, അധിക വേതനം എന്നിവ നല്കുന്നുണ്ടോയെന്നതടക്കം ലേബര്‍ ഓഫീസറുടേയും, അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടേയും നേതൃത്വത്തില്‍ സ്‌ക്വാഡ് പരിശോധന നടത്തും. സൗകര്യങ്ങള്‍ തൊഴിലുടമ നടപ്പിലാക്കിയിട്ടില്ലെങ്കില്‍ തൊഴിലുടമയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്സ്‌മെന്റ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ