കോട്ടയം: കോട്ടയം എരുമേലിയിൽ മകളുടെ പ്രണയത്തെച്ചൊല്ലി വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ അച്ഛന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. സംഭവത്തിൽ ഇളയമകൻ ഒഴികെ ബാക്കി മൂന്ന് പേർക്കും ജീവൻ നഷ്ടമായി.ശ്രീനിപുരം പുത്തന്‍പുരയ്ക്കല്‍ സത്യപാലന്‍ ,ഭാര്യ ശ്രീജ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. ശ്രീജ സംഭവസ്ഥലത്തുവെച്ചും മറ്റ് രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലുമാണ് മരിച്ചത്.
വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം. മകൾ ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിലുള്ള എതിപ്പാണ് ഈ അതിദാരൂണമായ സംഭവത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അഞ്ജലിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ച രാവിലെ ഒരു യുവാവ് ഇവരുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് വാക്കേറ്റവും ഉണ്ടായി. എന്നാൽ വീട്ടില്‍ വന്ന യുവാവിനെ വിവാഹം കഴിച്ചാല്‍ താന്‍ ജീവനൊടുക്കുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ഭീഷണി മുഴക്കിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ പോയ ശേഷമാണ് വീട്ടില്‍ വഴക്കുണ്ടായതെന്നും തുടര്‍ന്ന് തീ ഉയരുന്നത് കണ്ടെന്നും അയല്‍വാസികള്‍ പറയുന്നു. വീടിന്റെ വാതില്‍ അടച്ച നിലയിലായിരുന്നു. സമീപവാസികളും കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചെങ്കിലും വീടിന്റെ ഉള്‍വശവും വൈദ്യുതിവയറുകളും മേല്‍ക്കൂരയിലെ ഷീറ്റും കത്തിനശിച്ചു. പൊള്ളലേറ്റ മകൻ മാത്രമാണ് ഇതിലെ ദൃക്സാക്ഷി. ചികിത്സയിലായതിനാല്‍ മകന്റെ മൊഴി എടുക്കാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അഖിലേഷിന്റെ മൊഴി എടുത്താലേ സംഭവത്തില്‍ വ്യക്തതവരൂവെന്നും പൊലീസ് പറഞ്ഞു.