ചെറുപുഴ: വ്യാഴാഴ്ച്ച പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും ചെറുപുഴ മേഖലയില്‍ കോടികളുടെ നഷ്ടം ചെറുപുഴ കെഎസ്‌ഇബി സെക്ഷൻ ഓഫീസ് പരിധിയില്‍ മാത്രം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും വൈദ്യുതി ബന്ധം അറ്റു.. ട്രാൻസ്ഫോർമറുകളും വൈദ്യുതത്തൂണുകളും കാറ്റില്‍ നിലംപൊത്തി.
ചെറുപുഴ കൃഷിഭവൻ പരിധിയില്‍ ഒന്നര കോടിയുടെ കൃഷി നാശമുണ്ടായി. 200 കർഷകരുടെ കൃഷിയിടമാണ് ചുഴലിക്കാറ്റില്‍ നശിച്ചത്.
ചുഴലികാറ്റില്‍ കോഴി കർഷന്റെ ഫാം പൂർണമായും നിലംപൊത്തി. പ്രാപ്പൊയില്‍ പെരുന്തടത്തിലെ നടുവക്കുന്നേല്‍ സജി തോമസിന്റെ ഫാമാണ് കാറ്റിലും കമുക് ഒടിഞ്ഞുവീണും പൂർണമായും നശിച്ചത്.
1000 കോഴിയെ വളർത്താവുന്ന ഫാമായിരുന്നു. രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കോഴിയെ വിറ്റ ശേഷമായതിനാല്‍ വലിയ നഷ്ടം ഒഴിവായി.
ഫാം വൃത്തിയാക്കിക്കൊണ്ടിരുന്ന സജി ഓടി പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവരുടെ ഉപജീവന മാർഗമായിരുന്നു ഈ കോഴി ഫാം. റവന്യു ഉദ്യോഗസ്ഥർ സംഭവ സ്ഥലങ്ങള്‍ സന്ദർശിച്ചു.