Zygo-Ad

നടുവില്‍ ബസ്സ്റ്റാന്‍ഡ്‌ കിളച്ചിട്ടു; ബസുകള്‍ കയറാതായിട്ട് ഒരു മാസം

കണ്ണൂർ: മലയോര ഹൈവേയിലെ വളര്‍ന്നു വരുന്ന ചെറു പട്ടണമായ നടുവില്‍ പഞ്ചായത്തിലെ നടുവില്‍ ടൗണ്‍ പഞ്ചായത്ത്‌ ബസ്സ്റ്റാന്‍ഡ്‌ നവീകര പ്രവൃത്തികള്‍ക്കായി കൊത്തി കിളച്ചിട്ടിട്ട്‌ ഒരു മാസമായിട്ടും റീ ടാറിങ്ങ്‌ ആരംഭിച്ചില്ല.

2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവര്‍ത്തിയായിരുന്നു. മാര്‍ച്ച്‌ 31 നു സാമ്പത്തിക വര്‍ഷം അവസാനിച്ചെങ്കിലും പണി നടന്നില്ല.

നിരവധി അന്തര്‍ ജില്ലാ സംസ്‌ഥാന ബസുകള്‍ അടക്കം നൂറുക്കണക്കിനു വാഹനങ്ങള്‍ കടന്നു പോവുന്ന മലയോരത്തെ പ്രധാന പാതയാണിത്‌. 

ടൂറിസ്‌റ്റു കേന്ദ്രമായ പൈതല്‍ മല, പാലക്കയം തട്ട്‌, ഏഴരക്കുണ്ട്‌ വെള്ളച്ചാട്ടം എന്നിവടങ്ങളിലേക്കുള്ള പ്രധാന വഴി കൂടിയാണ്‌ നടുവില്‍ ടൗണ്‍. മലയോര ഹൈവേ വന്നതോടെ വാഹന ഗതാഗതം പതിന്മടങ്ങ്‌ വര്‍ധിച്ചു. 

ടൗണിലെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്കു ചെയ്യുന്നതും ഓട്ടോ ടാക്‌സി സ്‌റ്റാന്‍ഡുകളും കൂടിയായതോടെ ടൗണില്‍ ഗതാഗത സ്‌തംഭനം പതിവായി. 

ബസ് സ്റ്റാന്‍ഡ്‌ നവീകരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ഇന്നലെ നടന്ന പഞ്ചായത്ത്‌ ഭരണ സമിതി യോഗം ഇടതുപക്ഷ അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു. സാജു ജോസഫ്‌ നേതൃത്വം നല്‍കി.

വളരെ പുതിയ വളരെ പഴയ