പയ്യന്നൂർ : മാതമംഗലം കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ.രാധാകൃഷ്ണനെ വെടി വെച്ചു കൊന്ന കേസില്‍ ഒരു പ്രതി കൂടി റിമാൻഡില്‍.
പെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടില്‍ സിജോ ജോസഫിനെയാണ് (35) കേസന്വേഷിക്കുന്ന പരിയാരം എസ്.എച്ച്.ഒ. എം.പി.വിനീഷ് കുമാര്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഇയാളുടെ കെ.എല്‍-60 എ 3401 ആള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി സന്തോഷിന് രാധാകൃഷ്ണനെ വെടി വെച്ചു കൊല്ലാനുള്ള തോക്ക് നല്‍കിയത് സിജോയാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി എൻ.കെ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സിജോയുടെ കാറിലാണ് തോക്ക് പെരുമ്പടവില്‍ എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
സന്തോഷ് ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് കൈതപ്രത്ത് എത്തി രാധാകൃഷ്ണനെ വെടി വെച്ചു കൊന്നത്.
സിജോയെ പോലീസ് ചോദ്യം ചെയ്തതിനു ശേഷം ഇയാളെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്.ഐ സി.സനീത്, എ.എസ്.ഐ ചന്ദ്രന്‍, സി.പി.ഒ ഷിബു എന്നിവരും പ്രതിയെ പിടി കൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച്ച്-20 നാണ് രാധാകൃഷ്ണന്‍ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ എൻ കെ സന്തോഷിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്ത വൈരാഗ്യത്തിലായിരുന്നു കൊലപാതകം. ഈ കേസില്‍ രാധാകൃഷ്ണൻ്റെ ഭാര്യ മിനിയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഗൂഡാലോചനാ കേസില്‍ പ്രതിയാക്കിയിട്ടില്ല.