പാലക്കാട്: പൂരാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയ പ്രതി പിടിയില്‍. കൂനത്തറ സ്വദേശി ക്രിസ്റ്റിയെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്.
15 വയസുള്ള രണ്ട് വിദ്യാർത്ഥികള്‍ക്ക് പ്രതി മദ്യം വാങ്ങി നല്‍കുകയായിരുന്നു. അമിതമായ അളവില്‍ മദ്യം കഴിച്ച രണ്ടു വിദ്യാർത്ഥികള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ക്രിസ്റ്റിക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആര്യങ്കാവ് അഞ്ചാം വേലക്കിടെ സുഹൃത്തുക്കളായ നാല് പേര്‍ ചേര്‍ന്ന് മദ്യം വാങ്ങിയത്.
ക്രിസ്റ്റിയും കസ്റ്റഡിയിലുള്ള ആണ്‍കുട്ടിയും ചേര്‍ന്ന് ആദ്യം മദ്യം കുടിച്ചു. ബാക്കി വന്ന മദ്യമാണ് 15 വയസുള്ള ബാക്കി രണ്ട് പേർക്ക് നല്‍കിയത്.
മദ്യം കുടിച്ച് അവശരായ നിലയില്‍ രണ്ട് കുട്ടികളെയും പൂരപ്പറമ്പില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസുകാരുടെ സഹായത്തോടെ ഇവരെ വാണിയംകുളത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
ഇതില്‍ ഒരു കുട്ടിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടി കൂടിയിട്ടുള്ളത്. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. ക്രിസ്റ്റിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്.