Zygo-Ad

പ്രധാനമന്ത്രി നരേന്ദ്രമോദി എത്താനിരിക്കെ, തലസ്ഥാന വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും സെക്രട്ടേറിയറ്റിലുമടക്കം ബോംബ്ഭീഷണി. മോദി താമസിക്കുമെന്ന് കരുതുന്ന രാജ്ഭവനിലും ഭീഷണി. പരിശോധന നടത്തി വലഞ്ഞ് പോലീസും ഡോഗ് സ്ക്വാഡുകളും: ഭീഷണിയുടെ ഉറവിടം കണ്ടെത്താനാവാതെ പോലീസ്.


തിരുവനന്തപുരം: പോലീസിനെ വലച്ച്‌ സംസ്ഥാനമെങ്ങും വ്യാജ ബോംബ് ഭീഷണികള്‍ ആവർത്തിക്കുകയാണ്. മിക്ക ജില്ലകളിലെയും കളക്ടറേറ്റുകള്‍ക്കും പ്രധാന ഓഫീസുകള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ഭീഷണി കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഭിക്കുന്നുണ്ട്.

ഇന്ന് സെക്രട്ടേറിയറ്റ്, രാജ്ഭവൻ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗതാഗത കമ്മീഷണറുടെ ഓഫീസ്, നെടുമ്ബാശേരി വിമാനത്താവളം എന്നിവിടങ്ങളിലാണ് ഭീഷണിയെത്തിയത്. ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നാണു സന്ദേശത്തിലുണ്ടായിരുന്നത്.

ഇമെയില്‍ വഴിയാണു ഭീഷണി സന്ദേശം എത്തിയത്. ഇമെയിലിന്റെ ഉറവിടം പൊലീസ് കണ്ടെത്തിയിട്ടില്ല. പൊലീസും ബോംബ് സ്ക്വാഡും ഇവിടങ്ങളിലെല്ലാം അരിച്ചു പെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.

യാക്കൂബ് മേമന്റെ പേരിലും, പഹല്‍ഗാം ഭീകരാക്രമണം, ലഹരിക്കെതിരായ സർക്കാർ നടപടികള്‍ എന്നു വേണ്ട ലോകത്തെവിടെയുണ്ടാവുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരളത്തില്‍ വ്യാജ ബോംബ് ഭീഷണി.

പോലീസിന്റെ സമയവും അധ്വാനവും നഷ്ടമാക്കുന്നതാണ് ഇത്. ബോബ് ഭീഷണി ലഭിച്ചാല്‍ അത് നേരിടാൻ ദേശീയ തലത്തില്‍ പ്രോട്ടോക്കോളുണ്ട്. അതിന് അനുസരിച്ചുള്ള നടപടികള്‍ പോലീസിന് സ്വീകരിക്കേണ്ടി വരും.

ഭീഷണി വ്യാജമാണോയെന്ന് ബോംബ്, ഡോഗ് സ്ക്വാഡുകളുടെ അരിച്ചു പെറുക്കിയുള്ള പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാവൂ. തിരുവനന്തപുരത്ത് ഏതാണ്ടെല്ലാ ദിവസവും ബോംബ് ഭീഷണിയുണ്ട്.

പോലീസിന്റെ സമയവും അധ്വാനവും ചില്ലറയല്ല ഈ ബോംബ് ഭീഷണികള്‍ ഇല്ലാതാക്കുന്നത്.

മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനാല്‍ ബോംബ് ഭീഷണികളെ നിസാരമായി തള്ളാനുമാവില്ല. അതിനാല്‍ ഭീഷണി ഉയരുന്നിടത്തെല്ലാം പോലീസ് അരിച്ചു പെറുക്കി തിരച്ചില്‍ നടത്തി സന്ദേശം വ്യാജമാണെന്ന് ഉറപ്പിച്ചേ മതിയാവൂ.

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിന് മോഡി എത്തുന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ബോംബ് ഭീഷണിയുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനിലും ഭീഷണി സന്ദേശമെത്തി. വിമാനത്താവളത്തില്‍ മാനേജറുടെ ഇ-മെയിലില്‍ ഇന്നലെ രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

2 മണിക്കൂറിനുള്ളില്‍ സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. പൊലീസും വിമാനത്താവള സുരക്ഷാ വിഭാഗവും മൂന്നു മണിക്കൂറോളം പരിശോധന നടത്തിയാണ് സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയത്.

റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്ഥാപിച്ചതായി സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്കാണ് ഇ-മെയില്‍ ലഭിച്ചത്. 2 മണിയോടെ സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു സന്ദേശം. തമ്പാനൂർ പൊലീസ് പരിശോധന നടത്തി. മൂന്നു ദിവസത്തിനിടെ മാത്രം ജില്ലാ കോടതി അടക്കം 10 സ്ഥാപനങ്ങളെയാണ് ബോംബ് ഭീഷണി വലച്ചത്.

വഞ്ചിയൂരിലെ ജില്ലാ കോടതിയില്‍ സ്ഫോടനം ഉണ്ടാകുമെന്നു ഭീഷണി സന്ദേശം എത്തിയത് വെള്ളിയാഴ്ചയായിരുന്നു. ശനിയാഴ്ച പകല്‍ മൂന്നു നക്ഷത്ര ഹോട്ടലുകളിലും ഭീഷണിയുണ്ടായി. 

സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടല്‍ ഹില്‍ട്ടൻ, ആക്കുളത്തെയും കോവളത്തെയും ഗോകുലം ഗ്രാൻഡ് എന്നിവയ്ക്കാണു ബോംബ് ഭീഷണി ഉണ്ടായത്.

താമസക്കാരുടെ ലഗേജുകളും വാഹനങ്ങളും ഉള്‍പ്പെടെ പരിശോധനയ്ക്കു വിധേയമാക്കി. 8 മാസത്തിനിടെ നഗരത്തിലെ 16 സ്ഥാപനങ്ങള്‍ക്കു നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്.

ബോംബ് ഭീഷണിക്ക് പിന്നില്‍ ആന്ധ്രാ സ്വദേശിയെന്ന് പൊലീസിന്റെ കണ്ടെത്തല്‍. വാറങ്കല്‍ സ്വദേശി നിധീഷ് ആണ് സന്ദേശം അയച്ചതെന്ന് തെലങ്കാനയിലും പൊലീസ് ഇന്റലിജൻസ് സ്ഥിരീകരിച്ചതായി പൊലീസ് പറയുന്നു.

ഫെബ്രുവരിയില്‍ പൊലീസിന്റെ ഫേസ്ബുക് മെസഞ്ചറില്‍ ആണ് ഭീഷണി സന്ദേശം ലഭിച്ചത്. സെക്കന്ദരാബാദിലെ ഐടി കമ്പനി അക്കൗണ്ടന്റിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

എന്നാല്‍ അക്കൗണ്ടന്റ് കുറ്റം നിഷേധിച്ചു. തന്റെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടാകാമെന്നായിരുന്നു മൊഴി. 

ഐപി വിലാസം അക്കൗണ്ടന്റിന്റേതാണെന്നും ഇയാളുടെ മൊബൈല്‍ഫോണ്‍ നമ്പർ ഉപയോഗിച്ചു ഒന്നിലധികം ഇ-മെയില്‍ ഐഡികള്‍ നിർമിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

തുടർന്ന് ലാപ്ടോപ് ഫൊറൻസിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഇ-മെയില്‍ ഹാക്ക് ചെയ്തു നിർമിച്ച ഫെയ്സ്ബുക് അക്കൗണ്ടിലൂടെയാണ് ഭീഷണി സന്ദേശം അയച്ചതെന്നു പൊലീസ് കണ്ടെത്തി. ഇയാളുടെ ഭാര്യ ഒരു ട്രാവല്‍ ഏജൻസിയിലെ ജീവനക്കാരിയാണ്.

ഏജൻസിയുടെ ആവശ്യത്തിനായി ഇവരുടെയും ഭർത്താവിന്റെയും ഫോണ്‍ നമ്പരുകളും മെയില്‍ ഐഡികളും പലർക്കും കൈമാറുകയും പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. അങ്ങനെയാവാം ഹാക്കിംഗ് നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.

വ്യാജ ബോംബ് ഭീഷണി മുഴക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. അടുത്തിടെ തിരുവനന്തപുരത്ത് ഒരു ഡസനോളം കേസുകള്‍ ഇത്തരത്തില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തുന്ന ഇ-മെയിലുകളുടെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ മൈക്രോസോഫ്‍റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിപിഎൻ വിലാസം കണ്ടെത്താൻ മൈക്രോസോഫ്റ്റിന് സൈബർ ക്രൈം പൊലീസ് പലതവണ മെയില്‍ അയച്ചെങ്കിലും വിവരങ്ങള്‍ നല്‍കാൻ കഴിയില്ലെന്ന മറുപടിയാണു ലഭിച്ചത്. പോലീസിനെ വലയ്ക്കാൻ മനപൂർവ്വമാണ് ഇത്തരം ഭീഷണികള്‍ മുഴക്കുന്നതെന്നാണ് വിലയിരുത്തല്‍.

ഇ-മെയില്‍ ബോംബ് ഭീഷണിയില്‍ തമിഴ്നാട്ടില്‍ അടുത്തിടെ ഇരുനൂറോളം കേസുകളാണുണ്ടായത്. എല്ലാം വ്യാജ ഭീഷണികളായിരുന്നു.

മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് നേരത്തേ കിഴക്കേക്കോട്ട പവർഹൗസ് റോഡിലെ ഹോട്ടല്‍ ഫോർട്ട് മാനറില്‍ മനുഷ്യ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിയുണ്ടായത്.

ഇംഗ്ലീഷില്‍ എഴുതിയ നാലു വരികളുള്ള ഒരു പാരഗ്രാഫ് ആണ് ഇ-മെയിലിലുള്ളത്. തമിഴ്നാട്ടിലെ അണ്ണാമലൈ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട വിഷയമാണു ഇതില്‍ പറയുന്നതെന്നും വ്യാജ മൊബൈല്‍ ഫോണ്‍ നമ്പർ ഉപയോഗിച്ച്‌ തയാറാക്കിയ ഇ-മെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശം അയച്ചതെന്നും പൊലീസ് പറഞ്ഞു.

പൂക്കോട് വെറ്ററിനറി സർവകലാശാലയ്ക്കും തലസ്ഥാനത്തെ മറ്റൊരു ഹോട്ടലിനും എതിരെ ബോംബ് ഭീഷണി ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ