Zygo-Ad

പഹല്‍ഗാം: കശ്മീരിലുള്ളത് 575 മലയാളികള്‍, മടങ്ങാന്‍ സര്‍ക്കാര്‍ സഹായം ഉപയോഗപ്പെടുത്താമെന്ന് മുഖ്യമന്ത്രി


 തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായി 575 പേര്‍ മലയാളികള്‍ കശ്മീരിലുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച വിവരം പങ്കുവച്ചത്. കശ്മീരിലുള്ള സഹായം ആവശ്യമായവര്‍ക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പരില്‍ നിന്ന് വിവരങ്ങള്‍ നല്‍കുന്നതിനും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും സൗകര്യം ഒരുക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ സര്‍ക്കാരിന് ലഭിച്ച 49 രജിസ്ട്രേഷനിലൂടെയാണ് 575 പേര്‍ കാശ്മീരില്‍ ഉണ്ടെന്ന വിവരം ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

യാത്രാ സഹായം, ചികിത്സാ സഹായം, ആഹാരം എന്നിവ വേണ്ടവര്‍ക്ക് അവ സജ്ജമാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ എത്തുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. തുടര്‍ യാത്രക്കായി ടിക്കറ്റ് ബുക്കിങ്ങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും സജ്ജമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

പഹല്‍ഗാം ആക്രമണം മാനവരാശിക്ക് തന്നെ എതിരായ കടന്നാക്രമണമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്ത്യയുടെ അഭിമാനമായ, മനോഹരമായ കശ്മീരിന്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. വിനോദസഞ്ചാരത്തിനെത്തിയ നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്. ജീവന്‍ നഷ്ടമായവരില്‍ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ ഉറ്റവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ