പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യക്കെതരെ ആരോപണവുമായി പാക്കിസ്ഥാൻ. ഇന്ത്യയുടെ തീരുമാനങ്ങൾ അപക്വമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധർ പറഞ്ഞു. ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെങ്കിൽ തെളിവ് നൽകണമെന്നും ഇതുവരെ ഇന്ത്യ ഒരു തെളിവും നൽകിയിട്ടില്ലെന്നും ഇഷാഖ് ധർ ആരോപിച്ചു. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന ഔദ്യോഗിക വിശദീകരണമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഇന്നലെ വന്നത്.
എന്നാൽ ക്രൂരമായ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം ഉൾപ്പെടെ അവസാനിപ്പിക്കുന്ന കടുത്ത നടപടികളിലേക്കാണ് ഇന്ത്യ നീങ്ങിയത്. മന്ത്രി സഭയുടെ രണ്ടര മണിക്കൂർ നീണ്ട സുരക്ഷാകാര്യ യോഗത്തിന് ശേഷമാണ് കടുത്ത തീരുമാനങ്ങളിലേക്ക് ഇന്ത്യ നീങ്ങിയത്. പാകിസ്ഥാനുമായി ഒപ്പിട്ട സിന്ധു നദീജലകരാർ ഇന്നലെ ഇന്ത്യ മരവിപ്പിച്ചു. വാഗ അട്ടാരി അതിർത്തി പൂർണമായും അടച്ചു. ഇന്ത്യ പാക്ക് ഹൈക്കമ്മീഷനിലെ ഡിഫൻസ് അറ്റാഷമാരെ പിൻവലിച്ചു. പാക്കിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന എസ്.വി.ഇ.എസ് വിസ ഇനി നൽകില്ല തുടങ്ങിയ തീരുമാനങ്ങളാണ് നിലവിൽ സ്വീകരിച്ചത്.