മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെഎസ്‌ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
വണ്ടൂർ സ്വദേശിയായ ഷൻഫയാണ് (20) മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ ഷൻഫയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
കൂരിക്കുണ്ട് പാറാഞ്ചേരി നൗഷാദിന്റെ മകളാണ് ഷൻഫ. യുവതിയുടെ കബറടക്കം പോസ്റ്റ്‌മോർട്ടത്തിനുശേഷം വണ്ടൂർ പള്ളിക്കുന്ന് ജുമാ മസ്ജിദില്‍ നടക്കും.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പെരിന്തല്‍മണ്ണയില്‍ അപകടം സംഭവിച്ചത്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്.
അപകടത്തില്‍ മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകള്‍ ശ്രീനന്ദ (21) ഇന്നലെ മരിച്ചിരുന്നു. മണ്ണാർക്കാട് കോളേജിലെ ബിസിഎ അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു ശ്രീനന്ദ. പ്രൊജക്‌ട് ആവശ്യത്തിന് കോഴിക്കോട് പോയിട്ട് തിരിച്ച് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഒരു വശം പൂർണമായും തകർന്നു. ലോറി റോഡിലേക്ക് മറിയുകയും ചെയ്തു.
ബസിന്റെ ഒരുവശത്തായി ഇരുന്ന പത്തോളം പേർക്കാണ് പരിക്കേറ്റത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആദ്യം നടത്തിയത്. പരിക്കേറ്റവർ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.