Zygo-Ad

ബെംഗളൂരുവില്‍ 75 കോടിയുടെ ലഹരിവേട്ട; 37 കിലോ എംഡിഎംഎയുമായി ദക്ഷിണാഫ്രിക്കൻ യുവതികള്‍ അറസ്റ്റില്‍


ബംഗളൂരു: ബെംഗളൂരുവില്‍ വൻ ലഹരിവേട്ട. 75 കോടിയുടെ എംഡിഎംഎയുമായി രണ്ട് ദക്ഷിണാഫ്രിക്കൻ യുവതികള്‍ അറസ്റ്റില്‍.

ദക്ഷിണാഫ്രിക്കയിലെ അഗ്‌ബോവില്ല സ്വദേശി ബാംബ ഫാൻ്റ എന്ന അഡോണിസ് ജബുലിലേ (31), അബിഗയില്‍ അഡോണിസ് എന്ന ഒലിജോ ഇവാൻസ് (30) എന്നിവരാണ് അറസ്റ്റിലായത്.

37.870 കിലോ എംഡിഎംഎയാണ് ഇവരില്‍.നിന്ന് പിടിച്ചെടുത്തത്. മംഗളൂരു സിറ്റി പൊലീസും സെൻട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസും ചേർന്നാണ് ലഹരി സംഘത്തെ പിടികൂടിയത്. 

മംഗളൂരു സിറ്റി പൊലീസിന്റെ മയക്കുമരുന്ന് രഹിത മംഗളൂരു പദ്ധതിയുടെ ഭാഗമായി നടന്ന ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ.

ഇതു കൂടാതെ, മണിപ്പൂർ, അസം സംസ്ഥാനങ്ങളില്‍ നിന്ന് 88 കോടിയുടെ മെത്താംഫെറ്റമിന്‍ ഗുളികകളും പിടിച്ചെടുത്തു. ഇവയുള്‍പ്പെടെ രാജ്യത്ത് 163 കോടിയുടെ ലഹരി മരുന്നാണ് പിടി കൂടിയത്. 

മണിപ്പൂരിലെ ഇംഫാലിലും അസമിലെ ഗുവാഹത്തിയിലും നാർക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുകള്‍ കണ്ടെത്തിയത്.

ലഹരിക്കടത്തു സംഘങ്ങളോട് ഒരു ദയയും ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എക്‌സില്‍ കുറിച്ചു. രാജ്യാന്തര ലഹരിക്കടത്തു സംഘത്തിലെ 4 പേരെ അറസ്റ്റ് ചെയ്തതായും നാർക്കോട്ടിക്സ് കണ്‍‌‍ട്രോള്‍ ബ്യൂറോയെ അഭിനന്ദിക്കുന്നതായും അമിത് ഷാ കൂട്ടിച്ചേർത്തു.

ഇവർ കഴിഞ്ഞ വർഷം വിമാനമാർഗം മുംബൈയിലേക്ക് 37 തവണയും ബംഗളൂരുവിലേക്ക് 22 തവണയും യാത്ര ചെയ്തതായും പൊലീസ് കണ്ടെത്തി.

ട്രോളി ബാഗുകളില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ, നാല് മൊബൈല്‍ ഫോണുകള്‍, പാസ്‌പോർട്ടുകള്‍, 18,000 രൂപ എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. യാത്രക്കായി വ്യാജ പാസ്‌പോർട്ടുകളും വിസകളും ഉപയോഗിച്ചതായി സംശയിക്കുന്നു.

ആറ് മാസം മുമ്പ് നടന്ന ഒരു അറസ്റ്റില്‍ നിന്നാണ് ഈ ഓപ്പറേഷൻ ആരംഭിച്ചതെന്ന് മംഗളൂരു പോലീസ് കമീഷണർ അനുപം അഗർവാള്‍ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. 

സെപ്റ്റംബറില്‍ മംഗളൂരുവിലെ പമ്പ് വെല്ലില്‍ നിന്ന് ഹൈദർ അലി എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് 15 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. 

തുടർന്നുള്ള അന്വേഷണത്തില്‍ ആറ് കോടി രൂപയുടെ എം.ഡി.എം.എയുമായി ബംഗളൂരുവില്‍ അറസ്റ്റിലായ പീറ്റർ എന്ന നൈജീരിയൻ പൗരനിലേക്ക് അധികൃതർ എത്തി.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മംഗളൂരു സെൻട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) മാർച്ച്‌ 14 ന് ബംഗളൂരുവില്‍ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ബംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിയിലെ നീലാദ്രി നഗറില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് കമീഷണർ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ