ദുബായ്: യുഎഇയിലെ ഫാക്ടറിയില്‍ ജോലിക്കിടെ മെഷീനിലെ മൂര്‍ച്ചയുള്ള ബ്ലേഡില്‍ തട്ടി വിരലുകള്‍ അറ്റു പോയ തൊഴിലാളിയ്ക്ക് ഫാക്ടറി മാനേജറുടെ ഇടപെടലിലൂടെ പുതു ജീവിതം.
മെറ്റല്‍ കട്ടിംഗ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടെ റേസർ പോലെ മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് തൊഴിലാളിയുടെ നാല് വിരലുകളാണ് മുറിഞ്ഞത്. അനൂപ് മുരളി ധര്‍ണയാര്‍ എന്ന യുവാവിനാണ് അപകടം സംഭവിച്ചത്. ഫാക്ടറിയുടെ സുഡാനീസ് അഡ്മിനിസ്‌ട്രേറ്റീവ് മാനജേര്‍ മോവിയ അഹമ്മദ് അലിയുടെ ഇടപെടലിലൂടെയാണ് അനൂപിന് പുതു ജീവിതം ലഭിച്ചത്.
അപകടത്തില്‍പെട്ട് വിരലുകള്‍ മുറിഞ്ഞ് രക്തം ഒഴുകികൊണ്ടിരിക്കുന്ന അനൂപിനെ കണ്ട് എല്ലാവരും സ്തംഭിച്ച് പോയപ്പോള്‍ ഒരു മടിയും പേടിയും കൂടാതെയാണ് മോവിയ ഇടപെട്ടത്.
അനൂപിന്റെ കയ്യിലെ രക്ത സ്രാവം നിര്‍ത്താൻ ശ്രമിക്കുകയും ഉടനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. മുറിഞ്ഞു പോയ വിരലുകളും അദ്ദേഹം ആശുപത്രിയിലെത്തിച്ചു.
അനൂപിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടെ വാസ്‌കുലര്‍ സ്‌പെഷ്യലിസ്റ്റ് ഇല്ലായിരുന്നു. ഇതോടെ നൂതന വാസ്‌കുലര്‍ സര്‍ജറി വിഭാഗത്തിന് പേരുകേട്ട ദുബായിലെ റാഷിദ് ആശുപത്രിയിലേക്ക് അനൂപിനെ മാറ്റാന്‍ മോവിയ നിർദേശിക്കുകയായിരുന്നു.
റാഷിദ് ആശുപത്രിയിലെത്തിയ ഉടന്‍ മെഡിക്കല്‍ സംഘം സമയം പാഴാക്കാതെ അനൂപിനെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ പുലര്‍ച്ചെ 2.30 വരെ 13 മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ ആയിരുന്നു. ശസ്ത്രക്രിയ കഴിയുന്നത് വരെ മോവിയയും ഓപ്പറേഷന്‍ തീയറ്ററിന് പുറത്ത് കാത്തു നിന്നു. അനൂപിന്റെ ഭാവി ഈ ഓപ്പറേഷനെ ആശ്രയിച്ചിരിക്കുമെന്ന് അ്‌ദ്ദേഹത്തിന് അറിയാമായിരുന്നു.
നീണ്ട 13 മണിക്കൂറുകള്‍ക്ക് ശേഷം ശസ്ത്രക്രിയ വിജയകരമായിരിക്കുന്നുവെന്നും കാലക്രമേണ ഫിസിയോതെറാപ്പിയിലൂടെ അനൂപ് തന്റെ കൈയുടെ പ്രവര്‍ത്തനം വീണ്ടെടുക്കുമെന്നും ഡോക്ടര്‍ അറിയിച്ചു. ആ നിമിഷം മോവിയ അനുഭവിച്ച ആശ്വാസവും സന്തോഷവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു.
തന്നെ രക്ഷിച്ചതില്‍ അനൂപ് മോവിയയ്ക്ക് നന്ദി അറിയിച്ചു. ആ സമയം തന്റെ ജീവിതം അവസാനിച്ചുവെന്നാണ് കരുതിയതെന്ന് അനൂപ് പറഞ്ഞു. പക്ഷേ മോവിയ കാരണം സാധാരണ ജീവതം നയിക്കാന്‍ വീണ്ടും അവസരം ലഭിച്ചുവെന്നും അനൂപ് പറഞ്ഞു.