കണ്ണൂർ: കണ്ണാടിപ്പറമ്പിലെ വീടുകളില്‍ നിന്ന് സൈക്കിളുകള്‍ കാണാതാവുന്നത് പതിവാകുന്നു. എന്നാല്‍ കാണാതാവുന്ന സൈക്കിളുകള്‍ക്ക് പകരം മറ്റൊരു സൈക്കിള്‍ വെക്കുകയും ചെയ്യും.
ഈ സൈക്ലിക് പരിപാടിക്ക് പിന്നില്‍ ആരെന്ന് അറിയാതെ വട്ടം ചുറ്റുകയാണ് നാട്ടുകാർ.
വട്ടത്തില്‍ ചവിട്ടിയാല്‍ നീളത്തില്‍ പോകുന്ന സൈക്കിള്‍ ഒരു നാടിനെയാകെ വട്ടം കറക്കുകയാണ്. കണ്ണൂർ കണ്ണാടിപ്പറമ്ബില്‍ വീടുകളില്‍ നിന്ന് സൈക്കിളുകള്‍ കാണാതാവുന്നു.
എന്നാല്‍ ഇതിനെ മോഷണം എന്ന് പറയാനുമാവില്ല. കാരണം നഷ്ടപ്പെട്ട സൈക്കിളിന് പകരം മറ്റൊരു സൈക്കിള്‍ മുറ്റത്തുണ്ടാകും. ശാദുലിപ്പള്ളിയിലെ ശ്രീധരൻ മേസ്തിരിയുടെ വീട്ടില്‍ നിന്നായിരുന്നു തുടക്കം.
ഇവിടുത്തെ സൈക്കിള്‍ എടുത്തു കൊണ്ടു പോയി മാഹിറ എന്നവരുടെ വീട്ടില്‍ വെക്കുകയും അവിടെ ഉണ്ടായിരുന്ന സൈക്കിള്‍ കൊണ്ടു പോവുകയും ചെയ്തു. ഈ മാസം 10ന് ഉച്ചക്കായിരുന്നു മാഹിറയുടെ വീട്ടില്‍ നിന്ന് സൈക്കിള്‍ കാണാതായത്.
ഇതേ ദിവസം ഉച്ചക്ക് രണ്ട് മണിക്കും നാല് മണിക്കും ഇടയില്‍ വാരം റോഡിലെ ലതീഷിന്റെ വീട്ടില്‍ നിന്ന് മകള്‍ വൈശാലിയുടെ സൈക്കിളും കാണാതായി. മാഹിറയുടെ വീട്ടില്‍ നിന്നെടുത്ത സൈക്കിള്‍ ഇവിടെ പകരമായി വെച്ചിട്ടുമുണ്ടായിരുന്നു.
സംഭവം വാട്സ്‌ആപ്പ് ഗ്രൂപ്പ് വഴി ലതീഷ് പ്രചരിപ്പിച്ചതോടെ വൈശാലിയുടെ സൈക്കിള്‍ കൊളച്ചേരി പഞ്ചായത്തിലെ പള്ളിപ്പുറത്ത് ഉണ്ടെന്ന് വിവരം ലഭിച്ചു.
ആരാണ് എന്തിനാണ് ഇത് ചെയ്യുന്നത് എന്നറിയാൻ പോലീസിനെ സമീപിച്ചിരിക്കുകയാണ് ഇവരിപ്പോള്‍. മയ്യില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതായാലും തങ്ങള്‍ക്ക് കിട്ടിയ സൈക്കിളുകളുടെ ഉടമകള്‍ക്ക് ഓരോരുത്തരും അവ തിരിച്ച് എത്തിക്കുകയാണ്.
വൈശാലിയുടെ സൈക്കിള്‍ കൊണ്ടുവെച്ച പള്ളിപ്പറമ്ബിലെ വീട്ടില്‍ നിന്നും സൈക്കിള്‍ കാണാതായിട്ടുണ്ട്. പകരം ഇതുവരെയും ഇവിടെ സൈക്കിള്‍ കിട്ടിയിട്ടില്ല.
ഈ സൈക്കിള്‍ എവിടെ കൊണ്ടു വെച്ചു എന്നാണ് ഇനി അറിയേണ്ടത്. അവിടെയും ഈ രീതി ആവർത്തിച്ച് ചുറ്റിക്കല്‍ തുടരുകയാണോ എന്നും അറിയണം.