Zygo-Ad

ലഹരി വേട്ടയ്‌ക്ക് എഐയുമെത്തുന്നു, ഒന്നിന്റെ വില അര ലക്ഷത്തിലധികം; രാജ്യത്ത് തന്നെ ഇതാദ്യം


തിരുവനന്തപുരം: ലഹരി വേട്ടയ്ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) സംവിധാനം ഉപയോഗിക്കാൻ തീരുമാനം. രാജ്യത്ത് ആദ്യമായാണിത്.

ഡിജിറ്റല്‍ സർവകലാശാലയാണ് എ.ഐ സംവിധാനം വികസിപ്പിക്കുന്നത്.

ഹോസ്റ്റലുകളിലും ടോയ്‌ലറ്റുകളിലുമടക്കം രാസ ലഹരി തിരിച്ചറിയുന്ന കെമിക്കല്‍ സെൻസറുകള്‍ സ്ഥാപിക്കും. 60,000 രൂപയാണ് ഒന്നിന്റെ വില. ഇതു വാങ്ങി അതില്‍ എ.ഐ സംവിധാനം ഡിജിറ്റല്‍ സർവകലാശാല കൂട്ടിച്ചേർക്കും. രാസ ലഹരി തിരിച്ചറിയാൻ ഇവയ്ക്ക് കഴിയും. 

വ്യവസായ ശാലകളില്‍ രാസ ചോർച്ച കണ്ടെത്താൻ ഇവ ഉപയോഗിക്കുന്നുണ്ട്. അധികൃതർക്ക് സ്വയം മുന്നറിയിപ്പ് നല്‍കാനും ഇവയ്ക്ക് കഴിയും.

പുതിയ സിന്തറ്റിക് ലഹരികള്‍ തിരിച്ചറിയാനാവുന്ന പരിശോധനാ സംവിധാനം മൂന്നു മാസത്തിനകം സജ്ജമാക്കും. സാങ്കേതിക സംവിധാനങ്ങളൊരുക്കാൻ എ.ഐ വിദഗ്ദ്ധരടങ്ങിയ സംഘത്തെ സർവകലാശാല നിയോഗിച്ചു.

ലഹരി വിരുദ്ധ നടപടികള്‍ക്ക് പണം ലഭ്യമാക്കുമെന്ന് ഗവർണർ ഉറപ്പു നല്‍കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ, യു.ജി.സി, സന്നദ്ധ സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഫണ്ട് ലഭിക്കും.

ലാബ് പരിശാേധനയില്‍ തിരിച്ചറിയാനാവുന്നില്ല

1. ലഹരി പദാർത്ഥങ്ങളിലെ രാസ ഘടകങ്ങള്‍ അടിക്കടി മാറ്റുന്നതിനാല്‍ കെമിക്കല്‍ അനാലിസിസ് ലാബുകളില്‍ കണ്ടെത്താനാവുന്നില്ല. തരി, പൊടി, സ്റ്റിക്കർ രൂപത്തില്‍ വീര്യമേറിയ രാസലഹരി വിദേശത്തു നിന്നടക്കം എത്തിക്കുന്നു. 

തിരിച്ചറിയാൻ കഴിയാതെ വരുമ്പോള്‍ കേസ് ദുർബലമാവും, പ്രതികള്‍ രക്ഷപ്പെടും. എ.ഐ അധിഷ്‌ഠിത സംവിധാനമുണ്ടാക്കാൻ ലാബ് അധികൃതർ സർവകലാശാലയോട് അഭ്യർത്ഥിക്കുകയായിരുന്നു.

2. ലഹരി ഉപയോഗവും അസ്വാഭാവിക പെരുമാറ്റങ്ങളും കണ്ടെത്തി പൊലീസിനെയും എക്സൈസിനെയും കോളേജ് അധികൃതരെയും അറിയിക്കാൻ എ.ഐ അധിഷ്‌ഠിത ഡ്രോണുകളും ഉപയോഗിക്കും. ഡ്രോണുകളില്‍ എ.ഐ പ്രോഗ്രാമിംഗ് നടത്തിയാണ് ഇത് സാദ്ധ്യമാക്കുക. പൊലീസിനും ഈ ഡ്രോണുകള്‍ ഉപയോഗിക്കാനാവും.

'ഏറ്റവും പുതിയ രാസ ലഹരിയും കണ്ടെത്താൻ എ.ഐയ്ക്ക് കഴിയും. ഇതിനുള്ള അല്‍ഗോരിതം ഉടൻ തയ്യാറാക്കും'. വി.സി, ഡിജിറ്റല്‍ സർവകലാശാലയിലെ പ്രൊഫസർ സിസാതോമസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ