കണ്ണൂർ: ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ഒരു പ്ലാറ്റ് ഫോമില്‍ നിന്നും മറ്റൊരു പ്ലാറ്റ് ഫോമിലേക്ക് കടക്കാനായി ഓവർ ബ്രിഡ്ജുകളില്‍ പലപ്പോഴും അനുഭവപ്പെടുന്നത് അനിയന്ത്രിതമായ തിരക്ക്.
ട്രെയിൻ ഇറങ്ങിക്കഴിഞ്ഞാല്‍ ഓവർ ബ്രിഡ്ജ് കയറാൻ സ്ഥിരം യാത്രക്കാർ ഓടി എത്തുന്ന കാഴ്ച പതിവാണ്. വൈകിയാല്‍ കാത്തിരിക്കേണ്ടി വരുന്ന സ്ഥിതി ഒഴിവാക്കാനാണിത്.
രാവിലെയും വൈകുന്നേരവുമാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. രണ്ട് ഓവർ ബ്രിഡ്ജുകളും ഒരു അണ്ടർ പാസ്സുമാണ് റെയില്‍വേ സ്റ്റേഷനില്‍ നിലവില്‍ ഉള്ളത്.
എന്നാല്‍ അണ്ടർ പാസ്സു വഴി എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും എത്താൻ സാധിക്കാത്ത സാഹചര്യത്തില്‍ ഓവർ ബ്രിഡ്‌ജാണ് യാത്രക്കാരുടെ ഏക ആശ്രയം. എന്നാല്‍ ട്രെയിൻ വന്നു കഴിഞ്ഞാല്‍ ഓവർ ബ്രിഡ്ജുകളില്‍ അനിയന്ത്രിതമായ തിരക്കാണ്.
ഓവർ ബ്രിഡ്ജിന്റെ വീതി കുറഞ്ഞതും ഇതിനുള്ള കാരണമായാണ് യാത്രക്കാർ പറയുന്നത്. ഓവർ ബ്രിഡ്ജ് വഴിയല്ലാതെ പ്രസ് ക്ലബ് റോഡിലേക്ക് കടക്കാവുന്ന പൊതു ഫുട് ഓവർ ബ്രിഡ്ജ് പരിസരത്തുകൂടിയുള്ള വഴിയും നിലവില്‍ ഉപയോഗ ശൂന്യമാണ്.
ഈ വഴിയും ഫൂട്ട് ഓവർ ബ്രിഡ്‌ജും പ്രവർത്തിക്കാതെ അടച്ചിട്ടതും ഓവർ ബ്രിഡ്ജില്‍ തിരക്കിനിടയാക്കുന്നു. എട്ട് മാസങ്ങളോളമായി അടച്ചിട്ട ഈവഴി തുറന്നുകൊടുക്കാനുള്ള പ്രാഥമിക പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്.
തിരക്കു കാരണം ട്രെയിൻ കയറാൻ വരുന്നവർക്ക് ട്രെയിൻ കിട്ടാത്ത അവസ്ഥയും പതിവാണ്. തിക്കിലും തിരക്കിലും കുട്ടികളും പ്രായമായവരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവർ ബുദ്ധിമുട്ടുന്നതും പതിവാണ്. ട്രെയിൻ കയറാൻ വരുന്നവർ തിക്കിലും തിരക്കിലുംപെട്ട് വീഴുന്ന സ്ഥിതിയുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്.
റെയില്‍വേ സ്റ്റേഷനില്‍ ഉള്ള ലിഫ്റ്റിലും തിരക്കാണ്. പ്രായമായവരും ആരോഗ്യ പ്രശ്നമുള്ളവരും ഏറെ നേരം ലിഫ്റ്റിന് മുന്നില്‍ കാത്തിരിക്കേണ്ടി വരികയാണ്.
ഇഴഞ്ഞിഴഞ്ഞ് പ്രവൃത്തികള്‍
ജില്ലയിലെ പല റെയില്‍വേ സ്റ്റേഷനുകളിലും സൗകര്യങ്ങള്‍ വർദ്ധിപ്പിക്കാനും മറ്റ് അറ്റകുറ്റപ്പണികളും നടക്കുന്നുണ്ടെങ്കിലും കണ്ണൂർ, പയ്യന്നൂർ അടക്കമുള്ള പല റെയില്‍വേ സ്റ്റേഷനുകളിലെയും പണി ഇഴഞ്ഞു നീങ്ങുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. സമയാധിഷ്ഠിതമായി പ്രവൃത്തികള്‍ പൂർത്തിയാക്കുന്നില്ലെന്നും ജനങ്ങള്‍ ആരോപിക്കുന്നു.
'രാവിലെ ഏറനാട് എക്സ്‌പ്രസിന് പോകേണ്ടതായിരുന്നു. തിരക്ക് കാരണം ഓവർ ബ്രിഡ്ജിന്റെ മുകളില്‍ നിന്ന് ട്രെയിൻ പോകുന്നത് കാണേണ്ട സ്ഥിതിയാണ് വന്നത്.
താഴേക്ക് ഇറങ്ങാൻ കഴിയാത്തത്രയും തിരക്കാണ്. ഈ ബുദ്ധിമുട്ടിനു പരിഹാരം കാണേണ്ടതുണ്ട്'. തിരക്ക് കാരണം ട്രെയിൻ നഷ്ടപ്പെട്ട യാത്രക്കാരനായ സെബാസ്റ്റ്യൻ എന്നയാളുടെ വാക്കുകളാണിത്. ഇതു പോലെ നിരവധി പേരാണ് ബുദ്ധിമുട്ടുകൾ നേരിടുന്നത്.