Zygo-Ad

ജയില്‍ തടവുകാരുടെ പുറത്തേക്കുള്ള ഫോണ്‍ വിളി: ക്വട്ടേഷനും മയക്കുമരുന്ന് കടത്തിനും ആസൂത്രണം: തടയാൻ പോലീസും ജയില്‍ വകുപ്പും: പുറത്തേക്കുള്ള വിളികള്‍ ബിഎസ്‌എൻഎല്‍ നമ്പറുകളിലേക്ക് മാത്രമാക്കി സര്‍ക്കുലര്‍: പിന്നാലെ ഹൈക്കോടതി സ്റ്റേ


കണ്ണൂർ: ജയിലില്‍ കിടക്കുന്ന തടവുകാർ അവിടെ കിടന്നുകൊണ്ട് പുറത്ത് ലഹരിക്കടത്തും ക്വട്ടേഷനുകളും ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് തടയാൻ ഫലപ്രദമായ സംവിധാനമെടുക്കാതെ സർക്കാർ.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ ജയിലില്‍ നിന്ന് പുറത്ത് ക്വട്ടേഷൻ ആസൂത്രണം ചെയ്തത് വിവാദമായിരുന്നു. ജയില്‍ നിന്നുള്ള ഫോണ്‍ വിളി ഡൈവർട്ട് ചെയ്താണ് ക്വട്ടേഷനും മറ്റും നടപ്പാക്കാൻ ഇവർ ഉപയോഗിക്കുന്നത്.

ജയിലിനുള്ളില്‍ നിന്നുള്ള ക്വട്ടേഷൻ തടയാൻ തടവുകാർക്ക് ബി.എസ്.എൻ.എല്‍ കണക്ഷനുള്ള നമ്പറില്‍ മാത്രമേ ജയിലില്‍ നിന്ന് പുറത്തേയ്ക്ക് വിളിക്കാൻ സാധിക്കൂ എന്ന നിയന്ത്രണം ജയില്‍ വകുപ്പ് ഏർപ്പെടുത്തിയെങ്കിലും ഹൈക്കോടതി അത് സ്റ്റേ ചെയ്തു.

ബന്ധുക്കളുടെ കൈവശം ബി.എസ്.എൻ.എല്‍ കണക്‌ഷൻ ആണെങ്കില്‍ മാത്രമേ ജയില്‍പ്പുള്ളികളെ ഫോണ്‍ ചെയ്യാൻ അനുവദിക്കൂ എന്ന നിർദ്ദേശമാണ് ഹൈക്കോടതി ‌സ്റ്റേ ചെയ്തത്.

തൃശൂർ വിയ്യൂർ സെൻട്രല്‍ ജയിലില്‍ കഴിയുന്നയാളുടെ മകൻ നല്‍കിയ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഇടക്കാല ഉത്തരവ്. ഇത് മൗലികാവകാശ ലംഘനമാണെന്ന് ഹർജിയില്‍ പറയുന്നു.

തടവുകാർ മൂന്ന് രജിസ്‌ട്രേഡ് ഫോണ്‍ നമ്പരുകളിലേക്ക് നിയന്ത്രിതമായി വിളിക്കാനാണ് അനുമതി നല്‍കുന്നത്. ഈ നമ്പരുകള്‍ ബി.എസ്.എൻ.എല്‍ കണക്‌ഷൻ ആയിരിക്കണമെന്നാണ് ജയില്‍ വകുപ്പ് സർക്കുലർ ഇറക്കിയത്. ഈ ഫോണുകളില്‍ കാള്‍ ഫോർവേഡിംഗ്, കാള്‍ ട്രാൻസ്ഫറിംഗ് സൗകര്യം ഉണ്ടാകരുതെന്നും നിർദ്ദേശിച്ചിരുന്നു.

ജയിലില്‍ കിടക്കുന്നവർ പുറത്ത് ക്വട്ടേഷനുകളും ലഹരിക്കടത്തും സ്വർണക്കടത്തും ആസൂത്രണം ചെയ്യുന്നത് തടയാൻ ജയില്‍ വകുപ്പിനോ പോലീസിനോ കഴിയുന്നില്ല.

ഈ കഴിവുകേട് മറയ്ക്കാനാണ് തടവുകാർ തങ്ങളുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അഭിഭാഷകർ എന്നിവരെ ബന്ധപ്പെടണമെങ്കില്‍ അവർക്ക് ബി.എസ്.എൻ.എല്‍ കണക്ഷൻ ഉണ്ടായിരിക്കണ‌മെന്ന സർക്കുലർ ജയില്‍ വകുപ്പ് പുറത്തിറക്കിയത്.

മറ്റ് കണക്ഷനിലുള്ള നമ്പരിലേയ്ക്ക് ജയിലില്‍ നിന്ന് വിളിക്കാൻ സാധിക്കില്ല. മാർച്ച്‌ ഒന്നു മുതല്‍ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഈ സർക്കുലർ പ്രാബല്യത്തില്‍ വരണമെന്നായിരുന്നു നിർദ്ദേശം.

ഏറ്റവും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളൊ ഉള്‍പ്പെടുന്ന മൂന്ന് പേരെ മാത്രമേ തടവുകാർക്ക് വിളിക്കാൻ കഴിയൂ. ഇതിനായി ഈ നമ്പരുകള്‍ ചേർത്ത സ്മാർട് കാർഡ് തടവുകാർക്ക് നല്‍കിയിട്ടുണ്ട്. ഈ നമ്പരുകള്‍ പരിശോധിച്ച്‌ ജയില്‍ അധികൃതർ ആണ് ഇത് രജിസ്റ്റർ ചെയ്തു നല്‍കുന്നത്.

സ്മാർട്ട് കാർഡ് വഴി ഒരു മാസം 450 രൂപയ്ക്ക് വിളിക്കാൻ സാധിക്കും. അലൻ എന്ന കമ്പനിയാണ് ജയില്‍ വകുപ്പിന്റെ ടെലിഫോണ്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ചില തടവുകാർ കൊടുത്തിരിക്കുന്ന നമ്പരില്‍ വിളിച്ച്‌ അത് വഴി കോണ്‍ഫെറൻസ് കോളിലാക്കി മറ്റ് നമ്പരിലേയ്ക്ക് വിളിക്കുന്നുണ്ട്. 

ജയിലില്‍ കിടന്ന് പല കുറ്റകൃത്യം ഇത് വഴി ഏകോപിക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് ബി.എസ്.എൻ.എല്ലിലേക്ക് മാത്രമായി വിളികള്‍ ചുരുക്കിയതെന്ന് ജയില്‍ വകുപ്പ് പറയുന്നു.

മൂന്ന് സെൻട്രല്‍ ജയിലുകളിലും തടവുകാർക്ക് ഔദ്യോഗികമായി പുറത്തേക്ക് വിളിക്കാവുന്ന ഫോണുകളിലെ സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്യുന്നുണ്ട്.

2021 ല്‍ തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ നിന്ന് ഔദ്യോഗിക ഫോണ്‍ വിളി ഉപയോഗിച്ച്‌ ഹഷീഷ് ഓയില്‍ കടത്തിലെ പ്രതി ലഹരിക്കച്ചവടത്തിന് ഏകോപനം നടത്തിയെന്ന് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തുകയും പ്രതി ജയിലില്‍ അറസ്റ്റിലാവുകയും ചെയ്തതോടെയാണ് ഈ പരിഷ്കാരം മുൻപ് കൊണ്ടു വന്നത്.

എന്നാല്‍ മറ്റിടങ്ങളില്‍ റെക്കോർഡിംഗിന് സംവിധാനമില്ല. അതു കൊണ്ടാണ് മുഴുവൻ ജയിലിലും ഈ സംവിധാനം കൊണ്ടു വരുന്നത്.

വളരെ പുതിയ വളരെ പഴയ