തിരുവനന്തപുരം: അമേരിക്ക തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കിയ കുറ്റവാളിയും ലിത്വാനിയന്‍ പൗരനുമായ അലക്‌സേജ് ബെസിയോകോവ് (46) ആണ് വര്‍ക്കലയില്‍ അറസ്റ്റിലായത്.
ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകനാണ് പിടിക്കപ്പെട്ട അലക്‌സേജ് ബെസിയോകോവ്.
ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കോടിക്കണക്കിനു ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം.
അലക്‌സേജ് ബെസിയോകോവിനെ അമേരിക്കൻ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ഗാരന്റക്‌സിന്റെ സഹ സ്ഥാപകരിലൊരാളായ അലക്‌സാണ്ടര്‍ മിറ സെര്‍ദ (40) എന്ന റഷ്യന്‍ പൗരനെതിരെയും സമാന കുറ്റത്തിനു കേസുണ്ട്. ഇയാള്‍ ഇപ്പോള്‍ യുഎഇയിലാണെന്നാണു ലഭിക്കുന്ന സൂചന.
ഇന്റർപോള്‍, സിബിഐ, കേരള പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണു ഇയാള്‍ വലയിലായത്. പ്രതിയെ കേരള പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ശേഷം അമേരിക്കയ്ക്ക് കൈമാറാനാണു നീക്കം.
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാൻ വര്‍ക്കലയിലെത്തിയ അലക്‌സേജ് ബെസിയോകോവിനെ ഹോംസ്‌റ്റേയില്‍ നിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.
രാജ്യം വിടാൻ പദ്ധതിയിട്ടിരുന്ന ഇയാളെ സിബിഐയുടെ ഇന്റർപോള്‍ യൂണിറ്റിന്റെ സഹായത്തോടെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അമേരിക്കയുടെ അപേക്ഷപ്രകാരം വിദേശകാര്യ മന്ത്രാലയം കേസില്‍ ഇടപെട്ടിരുന്നു. തുടർന്നാണു ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്‌സേജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
2019 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് അലക്‌സേജും മിറ സെര്‍ദയും ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് നടത്തിയതെന്നാണു അമേരിക്കൻ കോടതി രേഖകള്‍.
ഭീകരർക്കുള്‍പ്പെടെ ക്രിമിനല്‍ സംഘങ്ങള്‍ക്കു കള്ളപ്പണം വെളുപ്പിക്കാനുള്ള പ്ലാറ്റ്ഫോമായി ഇവർ പ്രവർത്തിച്ചെന്നാണു കേസ്.
2019 ഏപ്രില്‍ മുതല്‍ ഗാരന്റക്‌സ് 96 ബില്യണ്‍ ഡോളറിന്റെയെങ്കിലും ക്രിപ്‌റ്റോകറൻസി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.
ഹാക്കിങ്, ഭീകരത, ലഹരിക്കടത്ത് എന്നിവയുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങള്‍ക്കു സൗകര്യമൊരുക്കിയതിലൂടെ കോടിക്കണക്കിനു ഡോളറാണു ഗാരന്റക്‌സിനു വരുമാനം ലഭിച്ചത്.
ഗാരന്റക്സിന്റെ പ്രവർത്തനങ്ങള്‍ ഹോസ്റ്റ് ചെയ്യുന്ന സെർവറുകള്‍ ജർമനി, ഫിൻലാൻഡ് രാജ്യങ്ങളുടെ സഹകരണത്തോടെ പിടിച്ചെടുത്തു.
ഗാരന്റക്സിന്റെ 26 ദശലക്ഷം ഡോളറിലധികം ഫണ്ടുകള്‍ അമേരിക്കൻ ഏജൻസികള്‍ മരവിപ്പിക്കുകയും ചെയ്തു. പരമാവധി 20 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രണ്ടുപേർക്കെതിരെയും ചുമത്തിയിട്ടുള്ളത്.
2025 മാർച്ച് 6ന്, ഗാരന്റക്സിനെ പിന്തുണയ്ക്കുന്ന 3 വെബ്‌സൈറ്റ് ഡൊമെയ്നുകള്‍ക്കെതിരെ വിർജീനിയയിലെ കോടതി നടപടിയെടുത്തു. ഇവ പിടിച്ചെടുക്കാൻ അമേരിക്കൻ സീക്രട്ട് സർവീസ് ഉത്തരവിറക്കി.