സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. കേരളത്തിനകത്തും പുറത്തുമായി 2980 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്. മാർച്ച് 26 വരെയാണ് പരീക്ഷകള്‍.
രാവിലെ ഒമ്പതരയ്ക്ക് എസ്‌എസ്‌എല്‍സി പരീക്ഷ ആരംഭിക്കും. ആദ്യദിനം ഒന്നാം ഭാഷയാണ് വിഷയം. കേരളത്തില്‍ 2964 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ലക്ഷദ്വീപില്‍ ഒമ്പതും ഗള്‍ഫില്‍ ഏഴും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്. 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഗള്‍ഫ് മേഖലയില്‍ 682 വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയില്‍ 447 വിദ്യാർഥികളും പരീക്ഷ എഴുതും.
28358 കുട്ടികള്‍ പരീക്ഷ എഴുതുന്ന മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ് എണ്ണത്തില്‍ മുന്നില്‍. 444693 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത് . ഇതില്‍ 217220 ആണ്‍കുട്ടികളും 227573 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഉച്ചയ്ക്കുശേഷം പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷകള്‍ മാർച്ച് 6 മുതല്‍ 29 വരെയാണ് നടക്കുക. 2000 കേന്ദ്രങ്ങള്‍ ആണ് ഹയർസെക്കൻഡറി പരീക്ഷകള്‍ക്കായി നിശ്ചയിച്ചിട്ടുള്ളത്. 72 ക്യാമ്പുകളിലായി എസ്‌എസ്‌എല്‍സി ഉത്തരക്കടലാസുകളും 89 ക്യാമ്പുകളില്‍ ഹയർസെക്കൻഡറി പരീക്ഷാ പേപ്പറുകളും മൂല്യനിർണയം നടത്തും. ഏപ്രില്‍ 3 മുതല്‍ 21 വരെയാണ് മൂല്യനിർണയ ക്യാമ്പു കള്‍ ക്രമീകരിച്ചിരിക്കുന്നത്.