ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ അവധി നിഷേധിച്ചുള്ള വിവാദ നിര്‍ദേശം പിന്‍വലിച്ചു. പുതുക്കിയ ഉത്തരവ് കസ്റ്റംസ് കേരള റീജ്യന്‍ ചീഫ് കമ്മീഷണര്‍ പുറപ്പെടുവിച്ചു. ഡോ. ജോണ്‍ ബ്രിട്ടാസ് എം പി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചതിന് പിന്നാലെയാണ് നടപടി.
ഈദ് ദിനത്തില്‍ അവധി നല്‍കരുതെന്ന കര്‍ശന നിര്‍ദേശം അടങ്ങിയ ഉത്തരവാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് സെന്‍ട്രല്‍, ജി എസ് ടി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കേരള റീജ്യന്‍ ചീഫ് കമ്മീഷണര്‍ നല്‍കിയത്. ഉത്തരവ് വിവാദമാകുകയും ആശങ്കകള്‍ പരന്നതോടെ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയയ്ക്കുകയും ചെയ്തു. ഉത്തരവ് ഭരണഘടനാ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്തയച്ചത്.
പിന്നാലെയാണ് ഉത്തരവിലെ അവധി നിഷേധിച്ചുളള ഭാഗം നീക്കി പുതുക്കിയ നിര്‍ദേശം പുറപ്പെടുവിച്ചത്. ഈ ദിവസങ്ങള്‍ പ്രവൃത്തിദിനങ്ങളാണെങ്കിലും ഈദ് ആഘോഷിക്കുന്നവര്‍ക്ക് അനുമതി നിഷേധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈദ് ദിനം പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ഇക്കാര്യത്തിലുള്ള ആശങ്കകള്‍ പൂര്‍ണമായും നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു