Zygo-Ad

കളമശ്ശേരിയില്‍ ചികിത്സയിലുള്ള അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌ക ജ്വരം


എറണാകുളം: കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

പരിശോധിച്ച അഞ്ച് വിദ്യാർഥികളുടെ ഫലവും പോസിറ്റീവാണ്. വിദ്യാർഥികളുടെ ആരോഗ്യ നില തൃപ്തികരമാണ്.

രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടികള്‍ക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇവർ വിവധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. 

തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് വിദ്യാർഥികളുടെ ഫലം പോസിറ്റീവായത്. രോഗബാധയെ തുടര്‍ന്ന് സ്‌കൂളിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി വച്ചിരുന്നു.

എന്താണ് മസ്തിഷ്ക ജ്വരം

സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. 

മൂക്കിനേയും മസ്തിഷ്ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയില്‍ അപൂർവമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണ നിരക്കുള്ള രോഗമാണിത്.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി സമ്പർക്കത്തില്‍ വരുന്നവരിലാണ് രോഗം പിടിപെടുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒൻപത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. 

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. 

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവർ ഈ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.

നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗ നിർണയം നടത്തുന്നത്. പിസിആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. 

എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാൻ സാധിക്കുന്നത്. അതിനാല്‍ രോഗ ലക്ഷണങ്ങള്‍ തുടങ്ങി എത്രയും വേഗം മരുന്നുകള്‍ നല്‍കേണ്ടതാണ്. അതിലൂടെ മരണ നിരക്ക് കുറയ്ക്കാൻ സാധിക്കും.

വളരെ പുതിയ വളരെ പഴയ