കണ്ണൂർ: പട്ടാപകൽ നഗരത്തിലെ ബേക്കറിയിൽ നിന്നും ചാരിറ്റി ബോക്സുകൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
കണ്ണൂർ സിറ്റി തയ്യിൽ സ്വദേശി ഷാരോണിനെയാണ് (23) ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. റെയിൽവേ സ്റ്റേഷന് സമീപത്തെ ബേക്കറിയിൽ കാഷ് കൗണ്ടറിന് സമീപം വച്ചിരുന്ന വയനാട് മുസ്‌ലിം ഓർഫനേജിന്‍റെയും കണ്ണൂർ തണൽ വീടിന്‍റെയും ചാരിറ്റി ബോക്സുകൾ കവർന്നത്.
രണ്ട് പേർ ബൈക്കിൽ എത്തി 6000 രൂപയോളമുണ്ടായിരുന്ന ചാരിറ്റി ബോക്സുകൾ കവർന്ന് ഓടുകയായിരുന്നു.
ഇന്നലെ സംശയാസ്പദമായ രീതിയിൽ ഷാരോണിനെ വീണ്ടും ബേക്കറിയുടെ പരിസരത്ത് കണ്ടതിനെ തുടർന്ന് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് ബേക്കറിയുടെ സമീപത്തെത്തിയപ്പോൾ പ്രതി ബൈക്ക് എടുത്ത് പോയി. മുനീശ്വരൻ കോവിലിന് സമീപത്ത് വച്ച് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നും അയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.