Zygo-Ad

നന്നായി പഠിക്കുന്ന കുട്ടികള്‍ പോലും സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുന്നു. അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍

 


മൊബൈല്‍ ഫോണിനോടുള്ള ആസക്തി ഒരു മാനസികനിലയാണ്. ഇത് ഗുരുതരമായ പ്രശ്‌നമാണെന്ന് തിരിച്ചറിയുന്നതാണ് പ്രധാനപ്പെട്ട പരിഹാര മാര്‍ഗം. മൊബൈല്‍ അഡിക്ഷന്‍ കേസുകളില്‍ ഏറ്റവും പ്രധാനമായുമുള്ള ലക്ഷണം കുട്ടികള്‍ സ്‌കൂളുകളില്‍ പോകാതിരിക്കുന്ന പ്രവണതയാണ്. 

പഠനത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ പോലും ഡിജിറ്റല്‍ അഡിക്ഷനില്‍പ്പെട്ടാല്‍ വളരെ പിന്നോക്കം പോകുന്നതാണ് മറ്റൊന്ന്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ മൂന്നിലൊന്നും കുട്ടികളാണ് എന്നത് പ്രശ്‌നത്തിന്റെ തീവ്രതയുടെ തെളിവാണ്. ആസക്തി കുറയ്ക്കാന്‍ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ (ഡി ഡാഡ്) സെന്ററുകളിലെ സൈക്കോളജിസ്റ്റുമാര്‍ ഈ പ്രശ്‌നത്തില്‍ വലിയൊരളവില്‍ കുട്ടികളേയും രക്ഷിതാക്കളേയും സഹായിക്കുന്നുണ്ട്

കുട്ടികള്‍ക്ക് മൊബൈല്‍ ഫോണിനോടുള്ള അഡിക്ഷന്‍ മാറ്റിയെടുക്കുകയെന്നത് ഒരു തുടര്‍പ്രക്രിയയാണ്. വെറും കൗണ്‍സിലിംഗ് കൊണ്ട് മാത്രം അത് മാറ്റിയെടുക്കാന്‍ കഴിയില്ല. കുട്ടികള്‍ തങ്ങളുടെ പ്രശ്‌നം തുറന്ന് പറയാന്‍ പോലും ദിവസങ്ങളെടുത്തേക്കാം. മൊബൈലിന്റെ മാത്രം ലോകത്ത് നിന്ന് കുട്ടിക്ക് മെച്ചപ്പെട്ട ആവാസവ്യവസ്ഥ സൃഷ്ടിക്കുകയെന്നതാണ് ആദ്യം വേണ്ടത്. അതില്‍ മാതാപിതാക്കള്‍ക്കും കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും അദ്ധ്യാപകര്‍ക്കും മുതല്‍ അയല്‍ക്കാര്‍ക്ക് വരെ വലിയ പങ്ക് വഹിക്കാനുണ്ട്

മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി നിയന്ത്രിക്കുകയെന്നത് പ്രായോഗികമല്ല. അതിന് പകരമായി ശരിയായ മൊബൈല്‍ ഉപയോഗത്തിന്റെ വശങ്ങള്‍ കുട്ടികളെ ചെറിയ പ്രായം മുതല്‍ ശീലിപ്പിക്കണം. രണ്ട് വയസ്സ് വരേയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കരുത് അല്ലെങ്കില്‍ നോ സ്‌ക്രീന്‍ ടൈം നിര്‍ബന്ധമാക്കണം. രണ്ട് മുതല്‍ ആറ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഇത് ഒരു മണിക്കൂറില്‍ താഴെയാണ്. അവര്‍ക്ക് മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ മാത്രമാണ് മൊബൈല്‍ നല്‍കേണ്ടത്. ഒരുകാരണവശാലും ഒറ്റയ്ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ ഈ പ്രായപരിധിയിലുള്ള കുട്ടികളെ അനുവദിക്കരുത്.ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പൂര്‍ണമായി വിലക്കുന്നതിന് പകരം കുട്ടികളെ മറ്റ് ആക്റ്റിവിറ്റികളില്‍ എന്‍ഗേജ് ചെയ്യിപ്പിക്കുക. പത്രം, പുസ്തകം പോലുള്ളവ വായിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക എന്നിവയെല്ലാം പ്രധാനമാണ്. മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികള്‍ വണ്ടര്‍ കിഡ്സ് ആണെന്ന് രക്ഷിതാക്കള്‍ തെറ്റിദ്ധരിക്കുന്ന സംഭവങ്ങളുണ്ട്. അതിന്റെ അപകടം മനസ്സിലാക്കി അവരെ മൊബൈലില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വിടുന്നതിന് പകരം യഥാര്‍ത്ഥ ലോകവുമായി സഹകരിക്കുന്നത് ശീലിപ്പിക്കുകയാണ് വേണ്ടത്.

രക്ഷിതാക്കള്‍ കിടപ്പറയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ദോഷകരമായി ബാധിക്കും.മൊബൈല്‍ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളുമായി സംസാരിക്കുമ്പോള്‍ ഞാന്‍ മാത്രം നിയന്ത്രിച്ചാല്‍ മതിയോ അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും ഒക്കെ ഉപയോഗിക്കുന്നുണ്ടല്ലോ അവരൊന്നും ഉപയോഗം കുറയ്ക്കേണ്ടെ എന്ന ചോദ്യം കുട്ടികള്‍ ചോദിക്കാറുണ്ട്. രക്ഷിതാക്കള്‍ ഫോണ്‍ മാറ്റിവച്ച് മാതൃക കാണിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്

കുട്ടികളുമായി സംസാരിക്കാനും അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും കേള്‍ക്കാനും വീട്ടുകാര്‍ സമയം കണ്ടെത്തണം. ഇതിന് കഴിയാതെ വരുമ്പോഴാണ് ഓണ്‍ലൈനില്‍ പരിചയപ്പെടുന്നവരോട് പോലും കുട്ടികള്‍ അടുപ്പത്തിലാകുകയും ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന സംഭവങ്ങളില്‍ ചെന്ന് പെടുന്നതും.18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സലിങ്ങിലൂടെ അമിത മൊബൈല്‍ ഉപയോഗത്തില്‍ നിന്നു മുക്തമാക്കുകയും സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചു മാതാപിതാക്കള്‍ക്കും ബോധവത്ക്കരണം നല്‍കുകയുമാണു ഡി-ഡാഡ് സെന്ററുകള്‍ ചെയ്യുന്നത്. സെന്ററിലെത്തുന്ന കുട്ടികള്‍ക്കു ചോദ്യാവലി നല്‍കിയ ശേഷം ഉത്തരങ്ങള്‍ പരിശോധിച്ചാണു മൊബൈല്‍ അഡിക്ഷന്റെ തോതു കണ്ടെത്തുന്നതും പ്രതിവിധി നിര്‍ദേശിക്കുന്നതും ജെന്നിഫര്‍ വിനോജ്, സൈക്കോളജിസ്റ്റ് (ഡി-ഡാഡ് സെന്റര്‍, തിരുവനന്തപുരം)

വളരെ പുതിയ വളരെ പഴയ