കട്ടപ്പന: ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം.
കുഞ്ഞിൻറെ അമ്മ ഝാർഖണ്ഡ് സ്വദേശി പൂനം സോറനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. അമ്മയുടെ അറസ്റ്റ് രാജാക്കാട് പൊലീസ് രേഖപ്പെടുത്തി.
ഇന്നലെ മൂന്നു മണിയോടെയാണ് അരമനപ്പാറ എസ്റ്റേറ്റിലെ തൊഴിലാളികള്‍ നവജാത ശിശുവിൻറെ മൃതദേഹം നായ്ക്കള്‍ കടിച്ചു കൊണ്ടു പോകുന്നത് കണ്ടത്.
പിന്നാലെ രാജാക്കാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞ് ഝാർഖണ്ഡ് സ്വദേശിയായ പൂനം സോറൻ എന്ന തൊഴിലാളിയുടേതാണെന്ന് കണ്ടെത്തി. ജനിച്ചപ്പോള്‍ ജീവനില്ലാത്തതിനാല്‍ കുഴിച്ചിട്ടുവെന്നായിരുന്നു അമ്മയുടെ മൊഴി.
സംശയം തോന്നിയ പൊലീസ് അമ്മപൂനം സോറനെയും രണ്ടാം ഭർത്താവിനെയും വിശദമായി ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് പൂനം സോറൻ കുറ്റം സമ്മതിച്ചത്.
ശനിയാഴ്ച പുലർച്ചെ നാലു മണിയോടെ ശുചിമുറിയില്‍ വച്ചാണ് കുഞ്ഞിനെ പ്രസവിച്ചത്. ഉടൻ തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം താമസ സ്ഥലത്തിനടുത്തുളള ചപ്പിനടിയില്‍ ഒളിപ്പിച്ചു.
ഒൻപത് മാസം തികഞ്ഞു ജനിച്ച കുട്ടിയാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിരുന്നു. പൂനം സോറൻ്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറില്‍ മരിച്ചു.
അതിനു ശേഷമാണ് ജാർഖണ്ഡ് സ്വദേശിയായ മോത്തിലാല്‍ മുർമു ഇവർക്കൊപ്പം താമസമാക്കിയത്. ഗർഭിണിയാണെന്ന് വിവരം യുവതി ഇയാളില്‍ നിന്ന് മറച്ചു വച്ചിരുന്നു. കുഞ്ഞ് ജനിച്ച കാര്യവും ഇയാള്‍ അറിഞ്ഞിരുന്നില്ല.
സംഭവറിഞ്ഞാല്‍ ഇയാള്‍ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് കൃത്യം ചെയ്തതെന്ന് പൂനം സോറൻ പൊലീസിനോട് പറഞ്ഞത്. പൂനം സോറനെ നാളെ കോടതിയില്‍ ഹാജരാക്കും.