തളിപ്പറമ്പ്: ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവർ വിഷം കഴിച്ചു മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു. കോലാര്‍തൊട്ടിയിലെ പാലൂര്‍ പുത്തന്‍വീട്ടില്‍ പി.പി.ബാബുവിനാണ്(47) മര്‍ദ്ദനമേറ്റത്.
ഫെബ്രുവരി 22 ന് രാത്രി 8.15 ന് എടക്കോം ടൗണില്‍ വെച്ച് വെള്ളോറ സ്വദേശികളായ ലൈജു, രാഹുല്‍, അഖില്‍ എന്നിവര്‍ ചേര്‍ന്ന് ബാബുവിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്.
സംഘത്തില്‍ മറ്റ് രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നതായി പറയുന്നുണ്ട്. സംഭവത്തില്‍ മനംനൊന്ത ബാബു വീട്ടിലെത്തി എലിവിഷം കഴിക്കുകയായിരുന്നു.
അവശ നിലയിലായ ബാബുവിനെ സഹോദരന്‍ അനില്‍കുമാറാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
നില ഗുരുതരമായ ബാബുവിന്റെ മരണമൊഴി പെരിങ്ങോം പോലീസും മജിസ്‌ട്രേറ്റും രേഖപ്പെടുത്തിയിരുന്നു. മര്‍ദ്ദനമേറ്റതിന്റെ മനോ വിഷമം കാരണമാണ് വിഷം കഴിച്ചതെന്നാണ് ബാബുവിന്റെ മൊഴി.
സംഭവത്തില്‍ മരിച്ച ബാബുവിന്റെ സഹോദരന്‍ ആലക്കോട് കാര്‍ത്തികപുരം മുതുശേരിയിലെ അനില്‍കുമാര്‍ പെരിങ്ങോം പോലീസില്‍ നല്‍കിയ പരാതി മര്‍ദ്ദനം നടന്ന സ്ഥലം പരിയാരം പൊലീസ് പരിധിയിയിലായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.