ഇടുക്കി: 24 പവന്‍ സ്വര്‍ണം പണയം വച്ച് പണം ആഭിചാര കര്‍മങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് സൈനികന്റെ പരാതിയില്‍ അമ്മയെ അറസ്റ്റ് ചെയ്തു.
ഇടുക്കി തങ്കമണി അച്ചന്‍കാനം പഴചിറ വീട്ടില്‍ ബിന്‍സി ജോസ് (53) ആണ് അറസ്റ്റിലായത്.
മകളുടെയും മരുമകളുടെയും 24 പവന്‍ സ്വര്‍ണം ഇവര്‍ അറിയാതെ പണയം വച്ച് പണം തട്ടി എന്നാണ് പരാതി. അസം റൈഫിള്‍സില്‍ ജോലി ചെയ്യുന്ന ബിന്‍സിയുടെ മകന്‍ അഭിജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്.
അഭിജിത്തിന്റെ ഭാര്യയുടെ 14 പവന്‍ സ്വര്‍ണം ബിന്‍സി പണയം വച്ചെന്നാണ് പരാതി. അതോടൊപ്പം ബിന്‍സിയുടെ മകളുടെ 10 പവന്‍ സ്വര്‍ണവും പണയം വച്ചു.
എന്തിന് പണയം വച്ചു എന്ന് ചോദിച്ചപ്പോള്‍ ബിന്‍സി വ്യക്തമായ മറുപടി നല്‍കിയില്ല.തുടര്‍ന്നാണ് ബിന്‍സിക്കെതിരെ മകന്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശി കുറുപ്പം പറമ്പില്‍ അംബികയും അറസ്റ്റിലായി.
ബിന്‍സി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. ഒരു മന്ത്രവാദിയെ കണ്ട് മടങ്ങുമ്പോഴാണ് ഇവര്‍ പിടിയിലായത്. ബിന്‍സിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.