Zygo-Ad

വെഞ്ഞാറമൂട് കൂട്ടക്കൊല: മൂന്നു പേരെ കൊന്ന ശേഷം ബാറിലെത്തി മദ്യസേവ: പ്രതിയുടെ രീതികള്‍ സൈക്കോയെപ്പോലെയെന്ന് പോലീസ്

 


തിരുവനന്തപുരം: മൂന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും പെറ്റമ്മയെ മാരകമായി ആക്രമിക്കുകയും ചെയ്ത ശേഷം അഫാൻ വെഞ്ഞാറമൂട്ടിലെ ബാറിലെത്തി മദ്യസേവ നടത്തി.

ഒരു കുപ്പി മദ്യവും വാങ്ങി മടങ്ങും വഴിയാണ് കാമുകിയെ കൂട്ടിക്കൊണ്ടു .പോയത്. വീട്ടിലെത്തി വീണ്ടും മദ്യപിച്ച ശേഷമാണ് കാമുകിയെയും പിന്നീട് അനുജനെയും കൊലപ്പെടുത്തിയത്. ബാറിലെയടക്കം സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് സൂചനകള്‍ ലഭിച്ചത്.

ഉമ്മ ഷെമിയെയാണ് ആദ്യം ആക്രമിച്ചത്. കഴുത്തില്‍ ഷാള്‍ മുറുക്കുകയായിരുന്നു. 

മരിച്ചെന്നു കരുതി പൂട്ടിയിട്ട ശേഷം അടുത്ത ഇരയായ പിതാവിന്റെ ഉമ്മ സല്‍മാ ബീവിയെ വീട്ടിലെത്തി ഷാള്‍ മുറുക്കി കൊലപ്പെടുത്തി സ്വർണ മാല കവർന്നു. അതു പണയം വച്ച്‌ ചുറ്റിക വാങ്ങിയ ശേഷം പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ വീട്ടിലെത്തി കൊന്നു.

തിരിച്ചെത്തിയ ശേഷമാണ് ഉമ്മ മരിച്ചില്ലെന്ന് മനസിലാക്കി ചുറ്റിക കൊണ്ട് ആക്രമിച്ചത്.

അമ്മൂമ്മയുടെ മാല വെഞ്ഞാറമൂട്ടിലെ സ്വകാര്യ ബാങ്കില്‍ 74000 രൂപയ്ക്ക് പണയം വച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പണമുപയോഗിച്ചാണ് മദ്യപിച്ചതും ചുറ്റിക വാങ്ങിയതും. ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട്ടിലെ കടയും കണ്ടെത്തി. 

ബാക്കി പണം ഫർസാനയുടെ മൃതദേഹത്തിന് ചുറ്റും വിതറിയിരുന്നു. ഫർസാനയുടെ മാല പണയം വച്ചും മുൻപ് പണമെടുത്തിട്ടുണ്ട്.

പ്രതിയുടെ രീതികള്‍ സൈക്കോയെപ്പോലെ (മനോരോഗി) ആണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മാനസിക രോഗമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രഹസ്യമായി ചികിത്സ തേടിയിട്ടുണ്ടോ എന്നടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

ലഹരി ഉപയോഗിച്ചതിന്റെ ലക്ഷണമില്ല. രക്തം, മുടി, നഖം, ത്വക്ക് എന്നിവയെല്ലാം ശാസ്ത്രീയമായി പരിശോധിച്ച്‌ ഉറപ്പാക്കണം. രക്തസാമ്പിളുകള്‍ ഫോറൻസിക് പരിശോധനയ്ക്കയച്ചു.

തലയ്ക്കു പിന്നില്‍ ചുറ്റിക കൊണ്ട് നിരന്തര പ്രഹരം

വീടുകളില്‍ ആണിയടിക്കാനുപയോഗിക്കുന്ന ചെറിയ ചുറ്റികയുപയോഗിച്ചാണ് കൊലകള്‍ നടത്തിയത്. കത്തിയുപയോഗിച്ച്‌ മുറിവേല്‍പ്പിച്ചിട്ടില്ല. തലയുടെ പിൻഭാഗത്ത് എട്ടു മുതല്‍ 21തവണ വരെ പ്രഹരിച്ചു.

രണ്ടു വട്ടം ഷർട്ട് മാറി

മൂന്നു ബന്ധുക്കളെ കൊന്ന ശേഷം വേഷം മാറി കറുത്ത ഷർട്ടുമിട്ടാണ് ബാറിലെത്തിയത്. കാമുകിയെയും അനുജനെയും കൊലപ്പെടുത്തിയ ശേഷം കുളിച്ച്‌ മറ്റൊരു ഷർട്ടുമിട്ടാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. തലയ്ക്കടിച്ചപ്പോള്‍ രക്തം ചീറ്റി ദേഹത്തായതിനാലാണ് ഷർട്ട് മാറിയത്.

കൊലകള്‍ക്ക് കാരണം സാമ്പത്തികം മാത്രമോ?

പിതാവിന്റെ ഗള്‍ഫിലെ ബിസിനസ് പൊളിഞ്ഞ് കടം കയറിയതും നാട്ടിലേക്ക് വരാനാവാതെ യാത്രാ വിലക്ക് നേരിടുകയും ചെയ്തതാണ് അഫാന്റെ മനോനില തെറ്റിച്ചതെന്ന് പൊലീസ് കരുതുന്നു. 

സി.ആർ.പി.എഫിലെ റിട്ട.കോണ്‍സ്റ്റബിളായ പിതൃ സഹോദരൻ പണം നല്‍കാതിരുന്നതും അമ്മൂമ്മ ആഭരണങ്ങള്‍ പണയം വയ്ക്കാൻ നല്‍കാതിരുന്നതും പ്രകോപനമുണ്ടാക്കി. അഫാന്റെ 3000 സ്ക്വയർ ഫീറ്റുള്ള വീട് വില്‍ക്കേണ്ട സ്ഥിതിയും ഉടലെടുത്തിരുന്നു.

വ്യാഴാഴ്ച 90,000 രൂപയ്ക്ക് പണയം വച്ചത് ഒരാളില്‍ നിന്നു വാങ്ങിയ കടം തിരികെ കൊടുക്കാനാണ്. പലരില്‍ നിന്നും കടം വാങ്ങി പണം പിതാവിന് അയച്ചു കൊടുത്തിരുന്നു. കാമുകി ഫർസാനയുടെ വീട്ടുകാർക്ക് അഫാനെ നല്ല മതിപ്പാണ്. വിവാഹത്തിന് എതിരായിരുന്നില്ല. 

എലി വിഷം കഴിച്ച്‌ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഐ.സി.യുവിലുള്ള അഫാനെ നാലു ദിവസത്തിനു ശേഷം ചോദ്യം ചെയ്താലേ കാരണം വ്യക്തമാവൂ.

ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍

1.എല്ലാവരെയും കൊലപ്പെടുത്താനായിരുന്നു പദ്ധതിയെങ്കില്‍ ഇടവേളയെടുത്ത് മദ്യപിക്കാൻ പോയതെന്തിന്?

2. കൂട്ട ആത്മഹത്യ ചെയ്യാനിരുന്നതാണെങ്കില്‍ കീഴടങ്ങിയതെന്തിന്?

3. കടം പിതൃ സഹോദരന് തനിച്ച്‌ വീട്ടാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും പണം കിട്ടാതിരുന്നതാണോ കാരണം?

4.കുടുംബപരമായ മറ്റു പ്രശ്നങ്ങളും കൂട്ടക്കൊലയ്ക്ക് കാരണമായിട്ടുണ്ടോ?

 കസ്റ്റഡിയില്‍ ചോദ്യം ചെയ്താലേ കാര്യങ്ങള്‍ വ്യക്തമാവൂ. പിതാവിന്റെ കടം തന്റെ ബാദ്ധ്യതയായി മാറിയെന്ന് അഫാൻ പറയുന്നുണ്ടെങ്കിലും പരിശോധിക്കണം. അഫാൻ പറയുന്നതില്‍ വൈരുദ്ധ്യങ്ങളുണ്ട്.'

കഴിച്ചു തീരാത്ത കുഴിമന്തിയും ശീതളപാനിയവും ഈച്ച പൊതിഞ്ഞ് സ്വീകരണ മുറിയിലെ കസേരയിലുണ്ടായിരുന്നു. അഫ്സാന്റെ മൃതദേഹത്തിന് ചുറ്റും 500 രൂപയുടെ നോട്ടുകള്‍ വിതറിയിരുന്നതും ദുരൂഹത കൂട്ടുന്നു. ഇങ്ങനെ അഫാൻ ചെയ്തത് എന്തിനാണെന്ന് ആർക്കും മനസിലായിട്ടില്ല. അഫ്സാന്റെ മൃതദേഹം സ്വീകരണ മുറിയിലാണ് കണ്ടെത്തിയത്.

അഫ്സാന്റെ പഠനകാര്യത്തിലും അഫാൻ ശ്രദ്ധിച്ചിരുന്നു.കാൻസർ രോഗിയായ അമ്മയുടെ പ്രയാസവും കുടുബത്തിന്റെ കടബാധ്യതയും അനുജനെ ബാധിക്കാതിരിക്കാൻ അഫാൻ ശ്രദ്ധിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്തിനാണ് അനുജനെ ക്രൂരമായി കൊന്നതെന്നത് അജ്ഞാതമായി തുടരുന്നു.

അഫാന്‍റെ പിതൃ സഹോദരൻ ലത്തീഫും ഭാര്യ ഷാഹിദയും താമസിക്കുന്നത് ചുള്ളാളം എസ്.എൻ പുരത്താണ്. പേരുമലയില്‍ നിന്ന് കൃത്യം ഏഴ് കിലോമീറ്റർ. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങള്‍ വീടിന് പുറകിലായിട്ടുണ്ട്. ഇവക്കുള്ള തീറ്റയും വെള്ളവുമെല്ലാം കരുതിയിട്ടുമുണ്ട്. ആടിന് കൊടുക്കാൻ വെട്ടിയെടുത്ത ഇലക്കെട്ട് തൊട്ടടുത്തായി വെച്ചിരിക്കുന്നു.

ലത്തീഫിന്റെ മൃതദേഹം സോഫയില്‍ ഇരിക്കുന്ന നിലയിലായിരുന്നു. ഭാര്യയുടേത് അടുക്കളയില്‍ കിടക്കുന്ന രീതിയിലും. ലത്തീഫിന്റെ തല മുതല്‍ ഉദരം വരെയുള്ള ഭാഗങ്ങളില്‍ ഇരുപതോളം വട്ടം ചുറ്റിക കൊണ്ട് അടിച്ചതിന്റെ പാടുകള്‍ ഉണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത്. വീട്ടില്‍ ചായ ഇട്ടതിന്റെ തെളിവുണ്ട്. അതായത് വീട്ടിലെത്തിയ അഫാന് ചായ ഇട്ടു നല്‍കിയതാകാം.

വളരെ പുതിയ വളരെ പഴയ