കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ പദ്ധതികള്‍ക്ക് കളമൊരുങ്ങുന്നു ; സയന്‍സ് ആന്റ് ഐടി പാര്‍ക്കിന് നടപടി തുടങ്ങി; പ്രവാസി നിക്ഷേപകര്‍ക്ക് അവസരം


 കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍കിട വ്യവസായ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സജീവം.

1,000 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ സയന്‍സ് ആന്റ് ഐടി പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ പ്രാരംഭ ദിശയിലാണ്. പ്രവാസികള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ നിക്ഷേപകര്‍ക്ക് വ്യവസായം തുടങ്ങാനുള്ള പ്രത്യേക പദ്ധതിയിലൂടെ ഇവിടെ വ്യവസായ സ്മാര്‍ട്ട് സിറ്റി ആരംഭിക്കുന്നതിനാണ് സംസ്ഥാന വ്യവസായ വകുപ്പ് മുന്നോട്ടു വരുന്നത്. മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കിനെ വടക്കന്‍ കേരളത്തിന്റെ വ്യവസായ ഹബ് ആക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് വ്യവസായ വകുപ്പ് കൊണ്ടുവരുന്നത്.

1,000 ഏക്കറില്‍ പുതിയ പദ്ധതികള്‍

സ്വകാര്യ നിക്ഷേപകര്‍ക്ക് വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് കിന്‍ഫ്ര പാര്‍ക്കില്‍ ഒരുക്കുന്നത്. 5,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പദ്ധതികളാണ് മുന്നിലുള്ളത്. 128 ഏക്കര്‍ മാത്രമുണ്ടായിരുന്ന പാര്‍ക്കിന്റെ വിസ്തൃതി ഇപ്പോള്‍ 1,000 ഏക്കറായി വര്‍ധിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. ഇതിനായി 2,000 കോടി രൂപയോളമാണ് സര്‍ക്കാര്‍ ചിലവിട്ടത്. ഇവിടെ സയന്‍സ് ആന്റ് ഐടി പാര്‍ക്ക് തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. പദ്ധതിയുടെ ഡിപിആര്‍ തയ്യാറായതായി കിന്‍ഫ്രയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഐടി മേഖലയില്‍ സ്വകാര്യ സംരംഭകര്‍ക്ക് നിക്ഷേപത്തിന് ഇവിടെ അവസരമൊരുങ്ങും.

ഇന്‍വെസ്റ്റ് കേരള സമ്മിറ്റ് വഴിത്തിരിവാകും

ഈ മാസം 21,22 തീയ്യതികളില്‍ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്, മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കിന്റെ വികസനത്തില്‍ വഴിത്തിരിവാകും. പ്രവാസി നിക്ഷേപകര്‍ക്ക് കേരളത്തില്‍ നിക്ഷേപം നടത്തുന്നതിനുള്ള പ്രധാന കേന്ദ്രമായി വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത് മട്ടന്നൂരിലെ കിന്‍ഫ്ര പാര്‍ക്കാണ്. സമ്മിറ്റിന്റെ പ്രചരണാര്‍ത്ഥം വ്യവസായ മന്ത്രി പി രാജീവ് നടത്തിയ യുഎഇ സന്ദര്‍ശനത്തിനിടെ, കേരളത്തില്‍ പ്രവാസി നിക്ഷേപകര്‍ക്കായി സ്മാര്‍ട്ട് സിറ്റി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ വിദേശ മലാളികളുടെ നിക്ഷേപം എത്തിയാല്‍ കിന്‍ഫ്ര പാര്‍ക്കിലെ 500 ഏക്കര്‍ സ്ഥലം പ്രവാസികള്‍ക്കുള്ള പ്രത്യേക വ്യവസായ പാര്‍ക്കിനായി മാറ്റിവെക്കും

വളരെ പുതിയ വളരെ പഴയ