തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രസവ വാര്‍ഡ് അടച്ചിട്ട പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായി.
11 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുള്ള തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നിലവില്‍ എല്ലാ വിഭാഗങ്ങളിലുമായി 25 ഡോക്‌ടര്‍മാരുടെയും പൂര്‍ണ്ണമായ സേവനം തുടരും.
നിലവില്‍ മൂന്ന് ഗൈനക്കോളജി ഡോക്‌ടര്‍മാരുടെ പോസ്‌റ്റ് ഉള്ള ഈ സ്‌ഥാപനത്തില്‍ ഒരു ഡോക്‌ടര്‍ പ്രസവവുമായി ബന്ധപ്പെട്ട് അവധിയില്‍ പോവുകയും, മറ്റൊരു ഡോക്‌ടര്‍ അനധികൃതമായി ലീവെടുത്തു ജോലിക്ക് ഹാജരാകാതിരുന്നതിനാലും ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഒരു ഡോക്‌ടറുടെ സേവനം മാത്രം ലഭിക്കുന്ന സാഹചര്യം ഉണ്ടായി.
ഈ സാഹചര്യം വന്നപ്പോള്‍ തന്നെ എം.എല്‍.എ എം.വി ഗോവിന്ദന്‍ ഇടപെടുകയും ആശുപത്രിയിലെ ദൈനംദിന ജോലികള്‍ കൈകാര്യം ചെയ്യുന്നതിനായി അടിയന്തിരമായി പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ഒരു ഡോക്‌ടറെ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് രീതിയില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നിയമിക്കുകയും ചെയ്‌തു.
പ്രസ്‌തുത ഡോക്‌ടര്‍ കൂടി എത്തിയതോടെ ആശുപത്രി ഗൈനക്കോളജി ഒ.പി സേവനങ്ങള്‍ ആഴ്‌ചയില്‍ ഞായര്‍ ഒഴികെ ബാക്കി എല്ലാ ദിവസവും നടന്നു വരികയുമാണ്. ഈ സമയത്ത് തന്നെ അനധികൃത ലീവെടുത്തു പോയ ഡോക്‌ടര്‍ക്കെതിരെ വകുപ്പു തല നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഗൈനക് ഡോക്‌ടറുടെ സേവനം ലഭ്യമല്ലാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെടുത്തുകയും അവധിയിലുള്ള ഡോക്‌ടറെ പകരം പുതിയൊരാളെ നിയമിക്കുന്നതിനായുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനും ആരോഗ്യ മന്ത്രി തന്നെ അടിയന്തിരമായും വിഷയത്തില്‍ ഇടപെടുകയും ചെയ്‌തു.
ഈ നടപടികള്‍ പൂര്‍ത്തീകരിക്കാനായുള്ള സമയത്താണ് ചില പ്രതിസന്ധികള്‍ ആശുപത്രിയില്‍ രൂപപ്പെട്ടത്. ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം അനധികൃത ലീവെടുത്തു പോയ ഡോക്‌ടര്‍ക്ക് പകരം പുതിയ ഡോക്‌ടറെ നിയമിച്ചു കൊണ്ട് ഇന്നലെ സര്‍ക്കാരില്‍ നിന്നും ഉത്തരവിറങ്ങിയിട്ടുണ്ട്. ഇതോടു കൂടി 3 ഗൈനക് ഡോക്‌ടര്‍മാരുടെ സേവനം ഇനി ആശുപത്രിയില്‍ ലഭ്യമാകും.
ഇതേ സമയത്ത് തന്നെ പുതിയ മെറ്റേണിറ്റി ബ്ലോക്ക് തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഓപ്പറേഷന്‍ ടേബിള്‍, അനസ്‌തേഷ്യ വര്‍ക്ക് സ്‌റ്റേഷന്‍ എന്നിവ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേനെ ആശുപത്രിയില്‍ അടിയന്തിരമായി സ്‌ഥാപിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്.
പുതിയ ബ്ലോക്കിലെ ഓപ്പറേഷന്‍ തീയ്യറ്റര്‍ അണു വിമുക്‌തമാക്കി ആരോഗ്യ വകുപ്പിന്റെ കള്‍ച്ചറല്‍ ടെസ്‌റ്റ് പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് വരുന്ന ആഴ്‌ചയില്‍ രോഗികള്‍ക്ക് പുതിയ ബ്ലോക്കിലെ ആധുനിക സൗകര്യങ്ങള്‍ കൂടി ലഭ്യമാകും. ഇതോടൊപ്പം ആശുപത്രിയില്‍ ഒരു അനസ്‌തെറ്റിസ്‌റ്റ് മാത്രമാണ് ഇത്രയും കാലം ഉണ്ടായിരുന്നത്. ഇത് മുഴുവന്‍ സമയ ഓപ്പറേഷന്‍ തീയറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ബുദ്ധിമുട്ടായി വരുന്ന സാഹചര്യം ഉണ്ടായി.
ഇത് പരിഹരിക്കുന്നതിനായി എം. എല്‍.എ ഇടപെട്ട് രണ്ട് അനസ്‌തെറ്റിസ്‌റ്റ് ഡോക്‌ടര്‍ മാരുടെ സേവനം ലഭ്യമാക്കുക കൂടി ചെയ്‌തിട്ടുണ്ട്. ഇതോടു കൂടി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടു കൂടി മുന്നോട്ട് പോവുന്ന സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ജനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ഇടമായി മാറ്റിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, തളിപ്പറമ്പ് മണ്ഡലത്തിലെ ആരോഗ്യ സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റി തീര്‍ക്കുന്നതിനുള്ള ഇടപെടല്‍ ഇനിയും തുടരുമെന്നും എം.വി ഗോവിന്ദന്‍ എം.എല്‍.എ പറഞ്ഞു.