Zygo-Ad

വേഷങ്ങള്‍ അഴിച്ചു വെച്ച്‌ ശിവദാസൻ അരങ്ങൊഴിഞ്ഞു; പരിക്കേറ്റ് ചികിത്സയിലായിരുന്ന തെയ്യം കലാകാരൻ അന്തരിച്ചു

 


പേരാമ്പ്ര: പ്രശസ്ത തെയ്യം കലാകാരനും ഫോക്ലോർ അക്കാദമി പുരസ്കാര ജേതാവുമായ ആവള മഠത്തില്‍മുക്ക് ചാലിയനകണ്ടി ശിവദാസൻ (57) അന്തരിച്ചു.

കഴിഞ്ഞ വർഷം ഏപ്രിലില്‍ ചെറുവണ്ണൂരില്‍ സ്കൂട്ടർ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. തെയ്യം കലാകാരനും ഫോക്ലോർ അക്കാദമി അവാർഡ് ജേതാവുമായ പരേതനായ ആണ്ടിപ്പണിക്കരുടെ മകനാണ്. 

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 40-ഓളം ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാടിയിട്ടുണ്ട്. തഞ്ചാവൂർ സൗത്ത് സോണ്‍ കള്‍ച്ചർ പുരസ്കാരം, കലാനിധി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 

അമ്മ: പരേതയായ ചെറിയ അമ്മ. ഭാര്യ: ജിഷ.(സർക്കാർ കുടുംബാരോഗ്യ കേന്ദ്രം, നടുവണ്ണൂർ). മക്കള്‍: ഡോ. ദൃശ്യദാസ്, അക്ഷയ്ദാസ്, മരുമകൻ: രജീഷ് (ഇരിട്ടി), സഹോദരി: ഉഷ (നഴ്സിങ് അസിസ്റ്റന്റ്, സി.എച്ച്‌.സി. കുന്നുമ്മല്‍). 

തെയ്യം വേഷങ്ങള്‍ അഴിച്ചു വെച്ച്‌ ശിവദാസൻ യാത്രയായി 

പേരാമ്പ്രയിൽ ഗുളികൻ, കുട്ടിച്ചാത്തൻ, വസൂരിമാല, നാഗകാളി... എന്നിങ്ങനെ തെയ്യ പ്രേമികളുടെ ഓർമയില്‍ ആവളയിലെ സി.കെ. ശിവദാസൻ അനശ്വരമാക്കിയ എത്രയോ വേഷങ്ങളുണ്ട്. പിതാവ് പ്രശസ്ത തെയ്യം കലാകാരനായ ആണ്ടി പണിക്കരുടെ പാരമ്പര്യം മികവോടെ കാക്കാൻ ശിവദാസനായി. 

കുട്ടിക്കാലത്ത് അച്ഛനില്‍ നിന്നാണ് തെയ്യം കലയിലെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയത്. പിന്നീട് കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി നാല്പതോളം ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാടിയിട്ടുണ്ട്.

തെയ്യംകലയിലെ മികവിന് ഫോക്ലോർ അക്കാദമി പുരസ്കാരമടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ക്ക് അർഹനായിട്ടുണ്ട്. നിയമസഭയുടെ 60-ാം വാർഷികം ആഘോഷിക്കുന്ന വേളയില്‍ ശിവദാസൻ ആദരമേറ്റു വാങ്ങിയിരുന്നു.

 രാജ്യത്തിനകത്ത് വിവിധ സ്ഥലങ്ങളിലും ബഹ്റൈൻ, മസ്കറ്റ്, മലേഷ്യ, സിങ്കപ്പൂർ എന്നിങ്ങനെ വിദേശരാജ്യങ്ങളിലും തെയ്യമവതരിപ്പിച്ചു. തെയ്യം കലയെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച കലാകാരനാണ്.

ആവള എടവരാട് ഈശ്വരൻ കൊയിലോത്ത് ക്ഷേത്രത്തില്‍ ഏറെക്കാലമായി പ്രധാന തെയ്യം കെട്ടുകാരനായിരുന്നു. ചെണ്ടക്കൊട്ടിലും തോറ്റം പാട്ടിലും ഓട്ടൻ തുള്ളലിലുമെല്ലാം പ്രാവീണ്യമുണ്ടായിരുന്ന ശിവദാസൻ, കേരളത്തിലെ വിവിധ സർവകലാശാലകളില്‍ കലാപരിശീലന ക്ലാസും എടുത്തിട്ടുണ്ട്. 

ഓണക്കാലത്ത് കൈമണി കിലുക്കി നാട്ടിടവഴികളിലൂടെ വരുന്ന ഓണപ്പൊട്ടനായും ആവളക്കാരുടെ മനസ്സില്‍ ശിവദാസനുണ്ട്. മാനവ കലാവേദിയുടെ പ്രധാന പ്രവർത്തകനായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സ്കൂട്ടർ അപകടത്തിലാണ് ശിവദാസൻ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായത്. പിന്നീട് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താനായില്ല. 

നാടിനെ ദുഃഖത്തിലാഴ്ത്തി ഞായറാഴ്ച ലോകത്തോട് വിട വാങ്ങി. നാട്ടുകാരും കലാ പ്രവർത്തകരുമെല്ലാം വീട്ടിലെത്തി ശിവദാസനെ അവസാനമായിക്കണ്ട് അന്ത്യാഞ്ജലിയർപ്പിച്ചു.

ആവള മാനവ കലാവേദിയുടെ നേതൃത്വത്തില്‍ സർവകക്ഷി അനുശോചന യോഗവും മൗന ജാഥയും നടന്നു. കെ. അപ്പുക്കുട്ടി അധ്യക്ഷനായി. 

നഫീസ കൊയിലോത്ത്, വിജയൻ ആവള, അജയ് ആവള, ശ്രീധരൻ കൊയിലോത്ത്, ബൈജു ആവള, ടി.കെ. രജീഷ്, പി. സുനീത, കെ.കെ. ചന്ദ്രൻ, പി.എം. പ്രകാശൻ, പി. ദിനേശൻ, പി.കെ. മാലതി, സി.എം. ഗംഗാധരൻ, പി.എം. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ