കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ റിമാൻഡിലായ ബിജെപി നേതാവ് പി.സി ജോർജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നു.
പി.സി ജോർജിനെ കാർഡിയോളജി വിഭാഗത്തിലെ ഐസിയുവിലാണ് നിലവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ നടന്ന വൈദ്യ പരിശോധനയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പാലാ ജനറല്‍ ആശുപത്രിയിലും പി സി ജോർജിന്റെ വൈദ്യ പരിശോധന നടത്തിയിരുന്നു.
പരിശോധനയില്‍ ഇസിജി വ്യതിയാനം ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഡോക്ടർമാർ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.
ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെങ്കില്‍ പ്രതിയായ പി.സി ജോർജിനെ പാലാ സബ് ജയിലിലേയ്ക്ക് മാറ്റും. ചാനല്‍ ചർച്ചയില്‍ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തില്‍ പി.സി ജോർജിനെ റിമാൻഡ് ചെയ്യാൻ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പ്രതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.പി.സി ജോർജിൻ്റെ ജാമ്യാപക്ഷേ തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്.
നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്ന് പി.സി ജോർജ് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
ചാനല്‍ ചർച്ചയില്‍ പങ്കെടുത്ത് വിവാദ പരാമർശനം നടത്തിയതിന് പിന്നാലെ പി സി ജോർജ് അന്ന് സമൂഹ മാധ്യമങ്ങളില്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഈരാറ്റുപേട്ട യൂത്ത് ലീഗ് പരാതി നല്‍കിയതോടെ പൊലീസ് കേസ് എടുക്കുകയായിരുന്നു.
ഇതിന് പിന്നാലെ ജില്ലാ കോടതിയില്‍ മുൻകൂർ ജാമ്യ ഹർജി നല്‍കിയെങ്കിലും തള്ളി. തുടർന്നാണ് പി.സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.
മുപ്പതു വര്‍ഷത്തോളം എംഎല്‍എ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
മതവിദ്വേഷ പരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാന സ്വഭാവമുള്ള മുന്‍ കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും കോടതി പറഞ്ഞിരുന്നു.
പി.സി ജോര്‍ജ് മുന്‍പ് നടത്തിയ പ്രകോപന പരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നു.