Zygo-Ad

കണ്ണൂരില്‍ ഭിന്ന ശേഷിക്കാരിയായ കുട്ടിയെ കസേരയില്‍ കെട്ടിയിട്ടതില്‍ നടപടി; സ്കൂള്‍ പ്രിൻസിപ്പള്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് സസ്പെൻഷൻ


കണ്ണൂർ: ശിശുമിത്ര ബഡ്‌സ് സ്കൂ‌ളില്‍ ഭിന്ന ശേഷിക്കാരിയായ കുട്ടിയെ കസേരയില്‍ കെട്ടിയിട്ടതില്‍ നടപടി. സ്കൂള്‍ പ്രിൻസിപ്പള്‍ ഉള്‍പ്പെടെ നാല് പേർക്ക് സസ്പെൻഷൻ.

കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. സ്കൂള്‍ അധികൃതരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയെന്ന് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് വാർത്താ മാധ്യമങ്ങളോട് പറഞ്ഞു.

കൈതേരി ആറങ്ങാട്ടേരിയിലെ ബഡ്‌സ് സ്കൂ‌ളിനെതിരെയായിരുന്നു പരാതി. 75 ശതമാനം ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയോടായിരുന്നു സ്കൂള്‍ അധികൃതരുടെ കൊടും ക്രൂരത. അനങ്ങാൻ പോലും കഴിയാത്ത വിധം കസേരയില്‍ കുട്ടിയെ വരിഞ്ഞു മുറുക്കി കെട്ടിയിട്ടെന്നായിരുന്നു പരാതി. 

സ്കൂളിലെത്തുമ്പോൾ കുട്ടിയുടെ വസ്ത്രങ്ങള്‍ മൂത്രത്തില്‍ നനഞ്ഞിരുന്ന നിലയിലായിരുന്നുവെന്നും അമ്മ പറയുന്നു. ഫെബ്രുവരി നാലിന് രാവിലെ പിടിഎ മീറ്റിങ്ങില്‍ പങ്കെടുക്കാൻ കുട്ടിയുടെ അമ്മ സ്‌കൂളിലേക്ക് എത്തിയപ്പോഴായിരുന്നു ക്രൂരത നേരിട്ടു കണ്ടത്.

അമ്മയെ കണ്ട മകള്‍ കരഞ്ഞതോടെയാണ് അധ്യാപിക കെട്ടഴിച്ചു വിട്ടത്. ഇത് ചോദ്യം ചെയ്തപ്പോള്‍ എഴുന്നേറ്റു നടക്കാതിരിക്കാൻ പ്രിൻസിപ്പാലിന്റെ നിർദേശപ്രകാരം ചെയ്തത് എന്നായിരുന്നു അധ്യാപികയുടെ മറുപടി. 

നേരത്തെയും കുട്ടിയെ ഇത്തരത്തില്‍ കെട്ടിയിടാറുണ്ടെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞതായും കുട്ടിയുടെ അമ്മ പരാതിയില്‍ പറഞ്ഞു. തുടർന്ന് മാങ്ങാട്ടിടം പഞ്ചായത്ത്‌ അധികൃതർ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നാലു പേർക്കെതിരെ നടപടി എടുത്തത്.

പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരന്റെ അധ്യക്ഷതയില്‍ ചേർന്ന ഭരണസമിതി യോഗത്തിലാണ് പ്രിൻസിപ്പാല്‍ പി.വി. രേഖ, അധ്യാപികമാരായ കെ. പ്രമീള, ഒ. മൃതുല, ആയ കെ.പി. ആനന്ദവല്ലി എന്നിവരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സ്കൂളില്‍ നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായി രക്ഷിതാക്കള്‍ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ